മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു. ചേലേമ്പ്ര സ്വദേശി ദിൽഷ ഷെറിനാണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു പെൺകുട്ടി. ഇതിനിടെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.
ജില്ലയിൽ വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുകയാണ്. അടുത്തിടെ വള്ളിക്കുന്നിൽ ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത 18 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇത് പിന്നീട് 400-ലധികം ആളുകളിലേക്ക് പടർന്നു. പരിസര പ്രദേശങ്ങളായ ചേലേമ്പ്രയിലേക്കും മഞ്ഞപ്പിത്തം പടർന്നിരുന്നു. ഇങ്ങനെയാണ് വിദ്യാർത്ഥിനിക്ക് രോഗം പിടിപ്പെട്ടതെന്നാണ് നിഗമനം.