തിരുവനന്തപുരം: ഖജനാവ് കാലിയാണെന്ന് മന്ത്രിമാർ പറയുമ്പോഴും സ്‌പൈഡർ സതീഷ് റെഡ്ഡിയുടെ ഗൂഗിൾ സെർച്ചിൽ ആഡംബരവും സമ്പത്തും നിറഞ്ഞ നാട് കേരളമാണെന്നായിരുന്നു. ഇതിനൊപ്പം പത്മനാഭ സ്വാമി ക്ഷേത്രവും ഗൂഗിൾ കാണിച്ചുകൊടുത്തു. ഇതോടെ കേരളത്തിൽ വന്ന് കവർച്ച നടത്താൻ സ്‌പൈഡർ റെഡ്ഡി എന്ന വിശാഖപട്ടണം സ്വദേശി കാരി സട്ടി ബാബു തീരുമാനിച്ചു.
പത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ള സമ്പത്തിനെ കുറിച്ച് അറിഞ്ഞ സ്‌പൈഡർ സതീഷ് കവർച്ച നടത്തുന്നതിനായി വമ്പൻ പ്ലാനിംഗ് നടത്തി. എന്നാൽ ഇവിടുത്തെ സുരക്ഷാ ക്രമീകരണങ്ങൾ അറിഞ്ഞതോടെ പദ്ധതികളെല്ലാം ഉപേക്ഷിക്കുകയായിരുന്നു. വീണ്ടും മൊബൈലെടുത്ത് ‘വില്ല’ എന്ന് സെർച്ച് ചെയ്തു. ഇതോടെ നെല്ലിമൂട്ടിലെ ഏതാനും ആഡംബര വീടുകൾ ശ്രദ്ധയിൽപ്പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. മോഷണം നടത്തുന്നതിനായി സ്‌പൈഡർ സതീഷ് റെഡ്ഡി കേരളത്തിലേക്ക് വണ്ടി കയറി.
നെല്ലിമൂട്ടിലെ വീട്ടിൽ കവർച്ച നടത്തിയ ശേഷം സതീഷ് നേരെ പോയത് കാമുകിയുടെ അടുത്തേക്കാണ്. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണം കൊണ്ടെത്തിച്ചത് സ്‌പൈഡർ സതീഷിലേക്കായിരുന്നു. 38 പവൻ സ്വർണാഭരണങ്ങൾ പ്രതിയുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു.
തമിഴ്‌നാട്ടിലെ സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒന്നരക്കിലോ സ്വർണം മോഷ്ടിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കേരളത്തിൽ മോഷണം നടത്താൻ സതീഷ് റെഡ്ഡി തീരുമാനിച്ചത്. ടാക്‌സി ഡ്രൈവറായിരുന്ന ഇയാൾ പെട്ടന്ന് പണം സമ്പാദിക്കണമെന്ന ലക്ഷ്യത്തോടെ മോഷണത്തിലേക്ക് തിരിയുകയായിരുന്നു. എന്നാൽ ചെറിയ മോഷണത്തിൽ നിന്ന് കാര്യമായ വരുമാനം ലഭിക്കാതെ വന്നതോടെയാണ് വലിയ വീടുകളിൽ നിന്നും മറ്റും മോഷണം നടത്താൻ ഇയാൾ തീരുമാനിച്ചതെന്നും പ്രതിയെ റിമാൻഡ് ചെയ്തതായും പൊലീസ് പറഞ്ഞു.















