ഷഫാലി വർമ്മയും സ്‌നേഹ റാണയും കളം നിറഞ്ഞാടിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ജയം. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റിൽ 10 വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. നാലുദിവസവും ഇന്ത്യക്കായിരുന്നു മേൽകൈ. ഒരു ഘട്ടത്തിലും വെല്ലുവിളിയുയർത്താൻ പ്രോട്ടീസ് വനിതകൾക്കായില്ല. രണ്ടാം ഇന്നിംഗ്‌സിൽ 37 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം.
വിക്കറ്റ് നഷ്ടമില്ലാതെ 9.2 ഓവറിൽ ഇന്ത്യ ലക്ഷ്യം കണ്ടു. 13 റൺസോടെ ശുഭാ സതീഷും 24 റൺസോടെ ഷഫാലി വർമ്മയുമായിരുന്നു ക്രീസിൽ. ഷഫാലി വർമ്മയുടെ(205) ഇരട്ടസെഞ്ച്വറിയുടെയും സ്മൃതി മന്ദാനയുടെ(149) സെഞ്ച്വറിയുടെയും കരുത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 603 റൺസായിരുന്നു ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്‌കോർ. ജെമീമ റോഡ്രിഗസ് (55), ഹർമൻപ്രീത് കൗർ (69), റിച്ച ഘോഷ് (89) എന്നിവരുടെ അർദ്ധ സെഞ്ച്വറികളും ഇന്ത്യയെ കൂറ്റൻ സ്‌കോർ നേടാൻ സഹായിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക സുനീ ലൗസിന്റെയും (65) മരിസാനെ കാപ്പിന്റെയും (74) അർദ്ധസെഞ്ച്വറി ബലത്തിൽ 266 റൺസ് നേടി. 337 റൺസ് ലീഡുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് വിട്ടു. തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ പ്രോട്ടീസ് വളരെ കരുതലോടെയാണ് കളിച്ചത്. 154.4 ഓവറിൽ 373 റൺസെടുത്തു. ലൗറ വോൾവാർട്ടും (122) സുനീ ലൗസുമായിരുന്നു(109) രണ്ടാം ഇന്നിംസിലും ദക്ഷിണാഫ്രിക്കയുടെ നെടുംതൂണായത്. നാദിൻ ഡി ക്ലാർക്ക് 61 റൺസും മരിസാനെ കാപ്പ് 31 റൺസും നേടി. മറ്റുള്ളവർക്കൊന്നും തിളങ്ങാനായില്ല.
ഇന്ത്യയ്‌ക്കുവേണ്ടി സ്നേഹ റാണ രണ്ടിന്നിംഗ്സുകളിലായി 10 വിക്കറ്റ് നേടി. ഒരു ടെസ്റ്റിൽ 10 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സ്‌നേഹ റാണയ്‌ക്ക് സ്വന്തമായി. ദീപ്തി ശർമ്മ 4 വിക്കറ്റുകളും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കായി ഡെൽമീ ടുക്കർ 2 വിക്കറ്റുകളും നേടി.