ചെന്നൈ: നിരോധിത ഭീകരസംഘടനയായ ഹിസ്ബുത് തഹ്രീറുമായി ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്ത് എൻഐഎ. തഞ്ചാവൂർ സ്വദേശികളായ അബ്ദുൾ റഹ്മാൻ എന്ന മുജീബുർ റഹ്മാൻ, അൽതം സാഹിബ് എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലായി 10 ഇടങ്ങളിൽ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ഇസ്ലാമിക ഖിലാഫത്ത് പുനഃസ്ഥാപിക്കുന്നതിനും ഇതിന്റെ സ്ഥാപകനായ തഖി അൽ-ദിൻ അൽ-നബ്ഹാനി രൂപീകരിച്ച ഭരണഘടന നടപ്പിലാക്കണമെന്ന് ഇവർ തീരുമാനിച്ചിരുന്നതായും എൻഐഎയുടെ പ്രസ്താവനയിൽ പറയുന്നു. തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനും ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും എതിരായി പ്രവർത്തിക്കുന്നതിനും ഇരുവരും രഹസ്യമായി യുവാക്കൾക്ക് ക്ലാസുകൾ എടുത്തിരുന്നതായും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി.
ഇന്ത്യൻ ഭരണഘടനയും ഭരണകൂടവും ഇസ്ലാമിക വിരുദ്ധമാണ്. അവിശ്വാസികളുടെ ഇടമായി മാറികൊണ്ടിരിക്കുകയാണ് ഭാരതം. അവരെ തിരുത്തി വിശ്വാസികളാക്കി മാറ്റണമെന്നുമുള്ള ക്ലാസുകളാണ് ഇവർ യുവാക്കൾക്ക് നൽകിയിരുന്നത്. ഇന്ത്യയെ ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റേണ്ടത് മതപരമായ കടമയാണെന്നും തീവ്രവാദികൾ യുവാക്കളോട് പറഞ്ഞിരുന്നു.
പരിശോധനയിൽ ഇവരിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുതുക്കോട്ട ജില്ലയിലെ മാത്തൂരിൽ ചെന്നൈയിൽ നിന്നുള്ള എൻഐഎ സംഘവും ഈറോഡിൽ കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘവുമാണ് പരിശോധന നടത്തിയത്.