കൽക്കി 2898 എഡിയുടെ വിജയകുതിപ്പിനിടെ ചിത്രത്തിലെ സുപ്രധാന കഥാപാത്രം ചെയ്ത് തിയേറ്ററലൽ ആവേശമായ അമിതാഭ് ബച്ചന് അഭിനന്ദനങ്ങളുമായി ആരാധകർ. മുംബൈയിലെ താരത്തിന്റെ വസതിക്ക് മുന്നിലെത്തിയാണ് ആരാധകർ അഭിനന്ദനങ്ങൾ അറിയിച്ചത്. മാദ്ധ്യമപ്രവർത്തകരും ആരാധകരുമുൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് കൽക്കിയിലെ അശ്വത്ഥാമാവിനെ കാണാനായി നേരിട്ടെത്തിയത്.
ആവേശത്തോടെ നിൽക്കുന്ന ആരാധകരെ അമിതാഭ് ബച്ചൻ അഭിവാദ്യം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. കൽക്കിയിലെ അമിതാഭ് ബച്ചന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം. ഓരോ രംഗങ്ങളിലും ബച്ചൻ തകർത്ത് അഭിനയിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. രജനികാന്ത് ഉൾപ്പെടെയുള്ള താരങ്ങൾ ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു.
നാഗ് അശ്വിൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചുവെന്ന് രജനികാന്ത് പറഞ്ഞു. അഭിനന്ദനം അറിയിച്ച് എക്സിൽ ഒരു കുറിപ്പും താരം പങ്കുവച്ചിരുന്നു. ചിത്രത്തിലെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്നും രജനികാന്ത് കുറിച്ചു.
തിയേറ്ററിലെത്തിയ ആദ്യ ദിനം തന്നെ 190 കോടി നേടിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 400 കോടി കടന്നിരിക്കുകയാണ്. ഇതോടെ 500 കോടി എന്ന ബോക്സോഫീസ് കളക്ഷനിലേക്ക് കൽക്കി നിഷ്പ്രയാസം കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിന്ദിയിൽ നിന്ന് 72 കോടിയും തമിഴ്നാട്ടിൽ നിന്ന് 127 കോടിയും തമിഴിൽ 64 കോടിയുമാണ് കൽക്കി നേടിയിരിക്കുന്നത്.