ഇന്ത്യക്കാർ വിവാഹത്തിനായി സമ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നതായി റിപ്പോർട്ട്. ഇൻവെസ്റ്റ്മെൻ്റ് ബാങ്കിംഗ് ആൻ്റ് ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ ജെഫറീസ് അടുത്തിടെ നടത്തിയ ഒരു സർവ്വേ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ജനങ്ങൾ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്നതിന്റെ ഇരട്ടി തുകയാണ് വിവാഹത്തിന് ചിലവാക്കുന്നത്.
ഏകദേശം 10.7 ലക്ഷം കോടിയാണ് ഇന്ത്യൻ വിവാഹ വിപണിയുടെ മൂല്യം. ഭക്ഷണത്തിനും പലചരക്കുസാധനകൾക്കും ചെലവാക്കുന്നത് കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ കാശ് കളയുന്നത് വിവാഹത്തിനായാണ്. ഡാറ്റ വിശകലനം ചെയ്തും പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചും ജെഫറീസ് തയാറാക്കിയ സമഗ്രമായ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ വിവാഹ വിപണി യുഎസിനെ മറികടന്നതായി പറയുന്നു. ചൈനയാണ് ഒന്നാമത്.
റിപ്പോർട്ട് പ്രകാരം ഒരു ശരാശരി ഇന്ത്യൻ വിവാഹത്തിന് ചെലവഴിക്കുന്നത് ഏകദേശം 12.5 ലക്ഷം രൂപയാണ്. ഇത് പ്രീ-സ്കൂൾ മുതൽ ബിരുദം വരെയുള്ള വിദ്യാഭ്യാസത്തിന് ചിലവഴിക്കുന്ന തുകയുടെ ഇരട്ടിയാണ്. കൂടാതെ ഇന്ത്യൻ വിവാഹ വിപണി മറ്റു മേഖലകളിലും സാമ്പത്തികമായി സ്വാധീനം ചെലുത്തുന്നുണ്ട്.
ശരാശരി ഇന്ത്യക്കാർ അവരുടെ പ്രതിശീർഷ ജിഡിപിയുടെ അഞ്ചിരട്ടി (2.4 ലക്ഷം രൂപ) വിവാഹങ്ങൾക്കായി നീക്കിവയ്ക്കുന്നു, ഇത് ശരാശരി കുടുംബ വാർഷിക വരുമാനമായ ഏകദേശം 4 ലക്ഷം രൂപയുടെ മൂന്നിരട്ടിയാണ്. ആഡംബര വിവാഹങ്ങൾക്കുള്ള ശരാശരി ചിലവ് 20 മുതൽ 30 ലക്ഷം രൂപവരെയാണ്. ആഭരണങ്ങൾ, വിവാഹ വസ്ത്രങ്ങൾ, യാത്രകൾ എന്നിവയുടെ ചെലവ് ഉൾപ്പെടുത്താതെയാണിത്.