ഇടുക്കി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പതുവയസുകാരി മരിച്ചു. ഇടുക്കി അടിമാലിയിലാണ് സംഭവം. കൂമ്പൻപാറ സ്വദേശിനിയായ ജോവാന സോജയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് തൊണ്ടയിൽ കുടുങ്ങിയത്.
ഛർദ്ദിച്ച് കളയാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഭക്ഷണം ശ്വാസകോശത്തിൽ എത്തിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജോവാന. കുട്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പടുത്തികൊണ്ട് ഇന്ന് സ്കൂളിൽ അവധി പ്രഖ്യാപിച്ചതായി പ്രധാനാദ്ധ്യാപിക അറിയിച്ചു.