എറണാകുളം: ഗുരുവായൂരമ്പല നടയിൽ സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾക്ക് തീപിടിച്ചു. കളമശേരി ഏലൂർ ഉദ്യോഗമണ്ഡലിലെ ഫാക്ടറിയിൽ നിർമിച്ച സെറ്റിന്റെ അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. പൊലീസും അഗ്നിസുരക്ഷാ സേനയുടെ ആറ് യൂണിറ്റുകളും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അവശിഷ്ടങ്ങൾക്ക് തീയിട്ടതാണോ എന്ന സംശയമുണ്ട്. . സിനിമയുടെ ചിത്രീകരണത്തിന് ശേഷം സെറ്റ് പൊളിച്ചുമാറ്റിയിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്തും സിനിമാ സെറ്റുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നടന്നിരന്നു. പെരുമ്പാവൂരിൽ നിർമിച്ച സെറ്റ് നഗരസഭയുടെ നിർദേശത്തെ തുടർന്ന് പൊളിച്ച് മാറ്റുകയായിരുന്നു. വയൽ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ സെറ്റ് നിർമിച്ചതിനെ തുടർന്നാണ് പൊളിച്ചുമാറ്റിയത്.
നാല് കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ സെറ്റ് നിർമിച്ചത്. ഇത് സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ വലിയ ചർച്ചയായിരുന്നു. ഒറ്റ നോട്ടത്തിൽ ഗുരുവായൂർ ക്ഷേത്രമെന്ന് തോന്നുമെന്ന തരത്തിലുള്ള നിർമാണമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്.