വസ്ത്രങ്ങൾ തയ്യാറാക്കുന്ന പ്രമുഖ ഡിസൈനറായ ആശാ രാമചന്ദ്രനെ കുറിച്ച് ജനം ടിവിയുടെ പ്രത്യേക പരിപാടിയായ ബിഗ് ഇന്റർവ്യൂവിൽ സുരേഷ് ഗോപി പരാമർശിച്ചിരുന്നു. ആശ ചേച്ചി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളൊക്കെ പ്രത്യേകിച്ച് അറിയാനാകും. ബാക്കി പലരും ഇങ്ങനെ അയച്ച് തരാറുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തൃശൂർ മമ്മിയൂരിലാണ് Asha’s the mural ബ്രാൻഡിന്റെ ഉടമ, സുരേഷ് ഗോപിയുടെ ആശ ചേച്ചിയുള്ളത്.
മൂന്ന് പതിറ്റാണ്ടായുള്ള ബന്ധമാണ് സുരേഷ് ഗോപിയുമായുള്ളതെന്ന് ആശാ രാമചന്ദ്രൻ പറയുന്നു. ബ്രാൻഡ് ആരംഭിച്ച ആദ്യകാലം മുതൽ ഏറെ സഹായിച്ചിട്ടുണ്ടെന്നും മ്യൂറൽ പെയിൻ്റിംഗ് ചെയ്ത സാരികൾ വിദേശരാജ്യങ്ങളിൽ എത്തിക്കാൻ മുൻകയ്യെടുത്തതും സുരേഷ് ഗോപിയാണെന്ന് അവർ ഓർമ്മിക്കുന്നു. അമേരിക്കയിൽ ഇന്നും ഏറെ ആവശ്യക്കാരുണ്ടെന്നും ആശാ കൂട്ടിച്ചേർത്തു.
2008-ലാണ് ആദ്യമായി ബ്രഷെടുക്കുന്നത്. Asha’s the mural ബ്രാൻഡിന്റെ ഉദ്ഘാടനം ലാലേട്ടനായിരുന്നു. പിന്നീട് ആർട് ഗ്യാലറി തുടങ്ങിയപ്പോൾ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യണമെന്നത് വളരെ ആഗ്രഹമായിരുന്നു. അത് അദ്ദേഹം നിറവേറ്റി. ഭഗവാന്റെ ഡിസൈനുകളാണ് സുരേഷിനേറെ ഇഷ്ടം. എന്തൊക്കെ, എങ്ങനെയൊക്കെ ചെയ്യണമെന്ന് സുരേഷ് തന്നെ പറയും.
പാറമേക്കാവ് ദേവി, അയ്യപ്പന്റെയൊക്കെ മ്യൂറലുകൾ ചെയ്യണമെന്ന് പറയാറുണ്ട്. സാധാരണ രീതിയിൽ അയ്യപ്പനെ മ്യൂറൽ ചെയ്യാറില്ല. എന്നാൽ ഒരിക്കൽ വരച്ച് കൊടുത്തത് സുരേഷിനെ ഏറെ ഇഷ്ടപ്പെട്ടു. കൃഷ്ണനെ ചെയ്തപ്പോഴും ഇഷ്ടമായി. മുണ്ടിൽ താമര, വെണ്ണക്കുടം, ആലില, ഓടക്കുഴൽ, അങ്ങനെയെറേ ഡിസൈനുകളും ചെയ്തിട്ടുണ്ട്. പിറന്നാളിന് ഉടുക്കാൻ മുണ്ട് ഡിസൈൻ ചെയ്ത് നൽകിയിട്ടുണ്ട്. അത്, സർപ്രൈസാണ്.
സുരേഷിന്റെ വളർച്ചയാണ് നമ്മുടെ ആഗ്രഹമെന്നും നാടിനും ജനങ്ങൾക്കും നല്ലത് ചെയ്യുന്നയാൾ ജയിച്ചതിൽ സന്തോഷം. അദ്ദേഹത്തിന് സർവേശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെയെന്നും അവർ പ്രാർത്ഥിച്ചു. സുരേഷ് ഗോപിക്ക് പുറമേ കെ.എസ് ചിത്ര, അനുഷ്ക ഷെട്ടി, ജയറാം, അശ്വതി, ചിപ്പി, സംയുക്ത വർമ്മ, എം.ജി ശ്രീകുമാറിന്റെ ഭാര്യ, ആനി തുടങ്ങിയവരും ആശാ രാമചന്ദ്രന്റെ ഡിസൈന്റെ സ്ഥിരം ആവശ്യക്കാരാണ്.