ശൃംഗേരി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാശങ്കര ക്ഷേത്രം, ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. അതിമനോഹരമായ രൂപകല്പനയാല് ആരെയും ആകര്‍ഷിക്കുന്ന ക്ഷേത്രം 1338 ൽ തുംഗ നദിയുടെ തീരത്താണ് നിർമിച്ചത്. ചരിത്രത്തിന്റെ പല അടയാളങ്ങളും ഇന്നും സൂക്ഷിച്ചിരിക്കുന്ന ഈ ക്ഷേത്രം തുറക്കുന്നത് അതിശയിപ്പിക്കുന്ന പല അറിവുകളിലേക്കുമാണ്. വിദ്യാശങ്കര ക്ഷേത്രത്തെക്കുറിച്ച് വിശദമായി അറിയാം…
ചിക്കമംഗളൂര്‍ ജില്ലയിലാണ് ശൃംഗേരി വിദ്യാശങ്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അദ്വൈത വേദാന്തത്തിന്റെ ഉപജ്ഞാതാവായ ശങ്കരാചാര്യർ സ്ഥാപിച്ച ആദ്യ മഠമായ ശാരദാമഠത്തിന്റെ പേരിലാണ് ഇവിടം കൂടുതലും പേരുകേട്ടിരിക്കുന്നത്. 14ാം നൂറ്റാണ്ടിൽ നിർമിച്ചതാണെങ്കിലു കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള ചരിത്രമാണ് ക്ഷേത്രത്തിന്റേത്. വിജയനഗര സാമ്രാജ്യത്തിലെ രാജാക്കൻമാരാണ് പടുത്തുയർത്തിയ മന്ദിരം വിദ്യാശങ്കര സ്വാമികള്‍ക്കാണ് സമർപ്പിച്ചത്. വിദ്യാ ശങ്കരൻ അദ്ദേഹത്തിന്റെ ശിഷ്യൻ വിദ്യാരണ്യ എന്നിവരിലൂടെയാണ് ക്ഷേത്രത്തിന്റെ ചരിത്രം പുരോഗമിക്കുന്നത്. ഇതിൽ വിദ്യരണ്യയെ ഇതിഹാസ പുരുഷനായാണ് ഇന്നും കണക്കാക്കുന്നത്.
തെക്കേ ഇന്ത്യയിലേക്കുള്ള മുസ്ലീം ഭരണാധികാരികളുടെ അധിനിവേശം ആരംഭിക്കുന്നത് വിദ്യരണ്യയുടെ കാലഘട്ടത്തിലാണ്. വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിക്കുന്നതിൽ വിദ്യാരണ്യ നിർണായക പങ്കാണ് വഹിച്ചത്. വടക്കൻ മുസ്ലീം ആക്രമണകാരികളുടെ വേലിയേറ്റത്തിനെതിരെ ഹിന്ദു പാരമ്പര്യങ്ങളെയും ക്ഷേത്രങ്ങളെയും പ്രതിരോധിക്കാനുള്ള കോട്ടയായി ഇത് പ്രവർത്തിച്ചു എന്നാണ് ചരിത്രം കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ ഗുരുവായിരുന്ന വിദ്യാതീര്ത്ഥയുടെ സമാധിയിലാണ് വിദ്യാരണ്യ വിജയനഗര രാജാക്കൻമാരുടെ സഹായത്തോടെ വിദ്യാശങ്കര ക്ഷേത്രം നിർമിച്ചത്.
ഹൊയ്സാല (ചാലൂക്യ), ദ്രാവിഡ വാസ്തുവിദ്യാ ശൈലികൾ സംയോജിപ്പിച്ച് പൂർണ്ണമായും കല്ലുകൊണ്ട് നിർമ്മിച്ച ഒരു അതുല്യ സ്മാരകമാണിത്. അതിമനോഹരമായ നിർമിതിയിലെ 1 2 തൂണുകളാണ് ഏറ്റവും ശ്രദ്ധേയം. ജ്യോതിഷത്തിലെ 12 രാശികളെ കുറിക്കുന്ന 12 തൂണുകളാണിവ. ഓരോ മാസത്തിലും ആ മാസത്തിനായി നിര്‍മ്മിച്ചിരിക്കുന്ന തൂണില്‍ സൂര്യ പ്രകാശം പതിക്കുന്ന രീതിയിലുള്ള നിര്‍മ്മാണമാണ് ഇതിനുള്ളത്.
ആദി ശങ്കരാചാര്യര്‍ തന്നെ സ്ഥാപിച്ചതായി കരുതപ്പെടുന്ന ശാരദാംബയുടെ തകർന്ന ചന്ദന വിഗ്രഹവും ഈ ക്ഷേത്രത്തിലുണ്ട്. ഇവിടുത്തെ മുസ്ലീം അധിനിവേശ കാലത്താണ് ക്ഷേത്രത്തിനു ഇത്തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. പിന്നീട് ശ്രീ വിദ്യാരണ്യ സ്ഥാപിച്ച ശാരദാംബയുടെ സ്വര്‍ണ്ണ വിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.
ജ്യോതിശാസ്ത്രമനുസരിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗര്ഭഗൃഹത്തില് ദുര്‍ഗയുടെയും വിദ്യാ ഗണേശന്റെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. പത്നീസമേതരായ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെയും ശ്രീകോവിലില്‍ കാണാം. വിഷ്ണു, ശിവന്, ദശാവതാരങ്ങള്‍, ഷണ്മുഖന്, കാളിദേവി, നിരവധി മൃഗങ്ങളുടെയും എന്നിവയുടെയെല്ലാം ചിത്രങ്ങള്‍ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊത്തിവച്ചിരിക്കുന്നു. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ക്ഷേത്രം സംരക്ഷിക്കുന്നത്.