പാലക്കാട്: എസ്എഫ്‌ഐക്കാരെ സിപിഎം കയറൂരി വിട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജാവ് നഗ്നനാണ് എന്ന് പറയാൻ ആർജ്ജവമുളള ഒറ്റ നേതാവ് പോലും കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കില്ലെന്ന് കെ സുരേന്ദ്രൻ പാലക്കാട് പറഞ്ഞു.
ആദരണീയനായ ഗവർണർക്കെതിരെ സിപിഎം നേതാവ് എം സ്വരാജിനെപ്പോലുളളവർ മ്‌ളേച്ഛമായ വാക്കുകളാണ് പ്രയോഗിച്ചത്. ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ ബഹുമാനിക്കേണ്ടത് എല്ലാവരും പാലിക്കേണ്ട മര്യാദയാണ്. സ്വരാജിനെ തിരുത്താൻ സിപിഎമ്മിലെ ആരും ഇതുവരെ തയ്യാറായിട്ടില്ല. വിനാശകാലേ വിപരീതബുദ്ധി എന്നേ സിപിഎമ്മിന്റെ നിലപാടുകളെക്കുറിച്ച് പറയാനാകൂ. രാമായണത്തിലെ രാവണനെ പോലെയാണ് സിപിഎം ഇപ്പോൾ. അധാർമ്മിക പ്രവൃത്തികൾ എല്ലാം അവസാനിപ്പിക്കാൻ ഒരുപാട് പേർ പറഞ്ഞു. പക്ഷെ ചെവിക്കൊണ്ടില്ല. അവസാനം സർവ്വനാശത്തിലേക്ക് പോയി. ഇടതുപക്ഷത്തെ നശിപ്പിക്കുന്നത് ആ പാർട്ടിയുടെ നേതാക്കളാണ്.
പിണറായിയും കുടുംബവും നടത്തുന്ന അതിഭീകരമായ അഴിമതി അവസാനിപ്പിച്ചെങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ല. ബാക്കി എല്ലാവർക്കും പ്ലീനത്തിലെ നിയമവും പിണറായിക്കും കുടുംബത്തിനും മറ്റൊരു നിമയവുമാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. പ്ലീനത്തിലെ നിയമത്തിൽ പിണറായിക്കും കുടുംബത്തിനും ഇളവുണ്ട്. പാർട്ടി അറിയാതെ വിദേശത്ത് പോകാം. വിദേശത്ത് എന്താണ് ചെയ്യുന്നതെന്ന് പാർട്ടിക്ക് അറിയണ്ട. ഈ നാട്ടിലെ ഏത് അധോലോക സംഘവുമായി ബന്ധം പുലർത്തിയാലും പ്രശ്‌നമില്ല. പിണറായിയെ എന്ന് സർവ സ്വതന്ത്രനാക്കി വിട്ടോ അന്ന് തുടങ്ങിയതാണ് സിപിഎമ്മിന്റെ കഷ്ടകാലം. രാജാവ് നഗ്നനാണ് എന്ന് പറയാൻ ആർജ്ജവമുളള ഒറ്റ നേതാവ് പോലും കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ലോക്‌സഭയിൽ കേരളത്തിൽ നിന്ന് എൻഡിഎയ്‌ക്ക് ഒരു സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് എന്ന നിലയിലാണ്. എൻഡിഎ ഇനി 20 സീറ്റിലും വിജയിക്കുന്ന നിലയിലേക്ക് പോകും. പക്ഷെ എൽഡിഎഫിന്റെ ഒരു തരി അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് അറബിക്കടലിൽ താഴും. അത് അസ്തമിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കമ്യൂണിസ്റ്റുകാർ ഇങ്ങനെ നിലനിൽക്കണം എന്നിട്ട് അഡ്ജസ്റ്റ്‌മെന്റിൽ പോകണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. പക്ഷെ അത് നടക്കില്ല. ഈ തെരഞ്ഞെടുപ്പോടെ കേരളത്തിന്റെ ഒരു ഘടനയിൽ മാറ്റം വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു. 20 ശതമാനം വോട്ടിലേക്ക് ബിജെപി വന്നപ്പോൾ അത് കേരളത്തിൽ രാഷ്‌ട്രീയ മാറ്റത്തിലേക്കുളള കൃത്യമായ സൂചനയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.














