കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണകാലം. കബൈൻഡ് ലെവൽ (സി.ജി.എൽ) പരീക്ഷയ്ക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂലൈ 24 വരെ അപേക്ഷിക്കാം.
ടയർ-1, ടയർ-2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ദേശീയതലത്തിൽ നടത്തുക. ടയർ-1 പരീക്ഷ സെപ്റ്റംബർ-ഒക്ടോബർ മാസത്തിലും ടയർ-2 പരീക്ഷ ഡിസംബറിലും നടക്കും. ടയർ വൺ പരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ വിഷയങ്ങളിൽ ഒബ്ജക്ടീവ്, മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാർക്ക്. ഒരുമണിക്കൂർ സമയം ലഭിക്കും. ഇതിൽ യോഗ്യത നേടുന്നവരെ ‘ടയർ-2’ പരീക്ഷയ്ക്ക് ക്ഷണിക്കും.
ടയർ-2 പരീക്ഷയിൽ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ ഒന്നിൽ മാത്തമാറ്റിക്കൽ എബിലിറ്റീസ്, റീസണിങ് ആൻഡ് ജനറൽ ഇന്റലിജൻസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ, പൊതുവിജ്ഞാനം വിഷയങ്ങളിലായി 130 ചോദ്യങ്ങൾ. പരമാവധി 390 മാർക്ക്. രണ്ടുമണിക്കൂർ സമയം ലഭിക്കും. ഇതിന് പുറമേ കമ്പ്യൂട്ടർ നോളജ്, ഡാറ്റാ എൻട്രി സ്പീഡ് ടെസ്റ്റ് എന്നിവയുണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് ssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.