മമ്മൂട്ടിയും-അഖിൽ അക്കിനേനിയും കേന്ദ്രകഥാപാത്രങ്ങളായ ഏജൻ്റ് എന്ന തെലുങ്ക് ചിത്രം ഒടിടിയിലേക്ക്. തിയറ്റർ റിലീസായി ഒന്നരവർഷത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. ആക്ഷൻ സ്പൈ ത്രില്ലർ എന്ന ജേണറിലെത്തിയ ചിത്രം ബോക്സോഫീസിൽ സമ്പൂർണ പരാജയമായിരുന്നു. 85 കോടി മുതൽ മുടക്കിലെത്തിയ ചിത്രം ആഗോള തലത്തിൽ നേടിയത് വെറും എട്ടര കോടിരൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2020 ൽ പ്രഖ്യാപിച്ച ചിത്രം 2023 ഏപ്രിൽ 28നാണ് റിലീസ് ചെയ്തത്. വിരലിൽ എണ്ണാവുന്ന ദിവസമാണ് ചിത്രം തിയറ്ററുകളിലുണ്ടായിരുന്നത്. സോണി ലീവിൽ ഈ മാസം സ്ട്രീം ചെയ്യുമെന്നാണ് വിവരം. അതേസമയം ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് ഉടനെ ടെലിവിഷൻ പ്രീമിയറായും വരുമെന്നും സൂചനയുണ്ട്.
റോയുടെ ചീഫായ കേണൽ മഹാദേവൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. റിക്കി എന്ന കഥാപാത്രമായിരുന്നു അഖിൽ അക്കിനേനിക്ക്. ദിനോ മോറിയ, സാക്ഷി വൈദ്യ, വിക്രംജീത്ത്,ഡെൻസിൽ സ്മിത്ത്, സമ്പത്ത് രാജ്, വരലക്ഷ്മി ശരത്കുമാർ,അനിഷ് കുരുവിള എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വംശിയുടെ രചനയിൽ സുരേന്ദർ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. എ.കെ എൻ്റൈർടൈൻമെന്റിസാണ് നിർമിച്ചത്.