തിരുവനന്തപുരം: യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമം ഡിവൈഎഫ്ഐയുടെ ജീവൻ രക്ഷാപ്രവർത്തനമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനം എന്ന് പറഞ്ഞത് കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോറ്റെന്നാണ് പ്രതിപക്ഷത്തെ ഒരു എംഎൽഎ പറഞ്ഞത്. വാഹനത്തിന് മുന്നിൽ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവർത്തനം തന്നെയാണെന്ന് ആവർത്തിച്ച് പറയുന്നു. ഈ നിലപാട് താൻ അന്ന് തന്നെ സ്വീകരിച്ചിരുന്നു. ഇന്നും സ്വീകരിക്കും നാളെയും അത് തന്നെ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബസിന് മുന്നിൽ ചാടിയവരെ പിടിച്ച് മാറ്റിയത് എങ്ങനെ കുറ്റമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. പിന്നീട് അവിടെ നടന്നത് എന്താണെന്നത് താൻ കാണുന്നിലല്ലോയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ”നവകേരള സദസിന്റെ ഭാഗമായി ഞങ്ങൾ സഞ്ചരിച്ച വാഹനത്തിന്റെ മുമ്പിലേക്ക് ആളുകൾ ചാടിവീണത് എന്തിനായിരുന്നു? ആ ഘട്ടത്തിൽ അവരെ പിടിച്ചു മാറ്റുന്നത് സാധാരണഗതിയിൽ രക്ഷാപ്രവർത്തനം അല്ലേ? എന്താ സംശയം. അവരുടെ ദേഹത്ത് തട്ടാതിരിക്കാൻ വേണ്ടിയല്ലേ പിടിച്ചു മാറ്റുന്നത്. അത് എങ്ങനെ കുറ്റകരമാകും”. മുഖ്യമന്ത്രി ചോദിച്ചു.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണം ശരിയായ രീതിയിലായിരുന്നെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കോടതിയും സർവകലാശാലയുമാണ് പ്രതികളായ വിദ്യാർഥികൾ പരീക്ഷ എഴുതണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത്. അതിൽ സർക്കാരിന് ഉത്തരവാദിത്തവുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.