അസ്താന: റഷ്യ-യുക്രെയ്ൻ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവിനോട് ഉന്നയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെയാണ് സെർജി ലാവ്‌റോവുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയത്. സംഘർഷത്തിനിടെ അവരുടെ സൈന്യത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട് പോയ ഇന്ത്യക്കാർ നേരിടുന്ന ഈ പ്രതിസന്ധിയെക്കുറിച്ച് വളരെ ശക്തമായും വ്യക്തമായും ഉന്നയിച്ചതായും ജയശങ്കർ വ്യക്തമാക്കി.
” റഷ്യയിൽ ഒറ്റപ്പെട്ട് പോയ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ വളരെ ശക്തവും വ്യക്തവുമായി ഉന്നയിച്ചു. നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കാൻ നിർബന്ധിതരായിട്ടുണ്ട്. അവർ തിരികെ എത്തിയാൽ മാത്രമാണ് സ്ഥിതിഗതികളെ കുറിച്ച് കൂടുതൽ പറയാൻ സാധിക്കുകയുള്ളു. കാര്യങ്ങൾ എന്ത് തന്നെയായാലും, മറ്റൊരു രാജ്യത്തിന്റെ യുദ്ധമുഖത്ത് ഇന്ത്യൻ പൗരന്മാരെ കാണുന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണ്. നല്ലൊരു സുഹൃത്തും പങ്കാളിയുമെന്ന നിലയിൽ ഈ വിഷയത്തിൽ റഷ്യയുടെ സഹകരണം തേടിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കും.
സെർജി ലാവ്‌റോവ് ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി സംസാരിച്ചിട്ടുണ്ട്. അവിടെയുള്ള എല്ലാവരേയും തിരികെ എത്തിക്കുന്നത് വരെ ഫോളോ അപ്പ് ഉണ്ടാകും. അത് താൻ ഏറ്റെടുക്കുകയാണെന്നും” ജയശങ്കർ വ്യക്തമാക്കി. വിദേശത്ത് മികച്ച ജോലി വാഗ്ദാനം ചെയ്യുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ കെണിയിൽ കുടുങ്ങിയാണ് ഇവർ ഇത്തരത്തിൽ റഷ്യൻ സൈന്യത്തിന്റെ സപ്പോർട്ടിംഗ് സ്റ്റാഫായി ചേർന്നത്. ജോലിയുടെ പേരിൽ കബളിപ്പിക്കപ്പെട്ട് 20ഓളം പേർ റഷ്യൻ സൈന്യത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 10 പേർ ഇന്ത്യയിലേക്ക് മടങ്ങിയതായി ഏപ്രിലിൽ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങളും ജയശങ്കർ മാദ്ധ്യമങ്ങളുമായി പങ്കുവച്ചു.ഇന്ത്യയ്‌ക്കും റഷ്യയ്‌ക്കുമിടയിൽ വിവിധ വിഷയങ്ങളിൽ ഉണ്ടായ പുരോഗതിയെക്കുറിച്ച് ഇരുനേതാക്കൾക്കും സംസാരിക്കാനുള്ള അവസരമാണിതെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. ” വാർഷിക ഉച്ചകോടിയിൽ ഇത്തവണ ചെറിയൊരു കാലതാമസം ഉണ്ടായി. ഒരുമിച്ച് പ്രവർത്തിച്ച ചരിത്രമുള്ള രാജ്യങ്ങളാണ് ഇന്ത്യയും റഷ്യയും. അതുകൊണ്ട് തന്നെ വാർഷിക ഉച്ചകോടിയുടെ ആവശ്യകതയെ കുറിച്ച് വളരെ വ്യക്തമായി തന്നെ അറിയാം. റഷ്യയുമായുള്ള സാമ്പത്തികബന്ധത്തെ ഇന്ത്യ വളരെഅധികം വിലമതിക്കുന്നുണ്ട്, ഈ ബന്ധം നല്ല രീതിയിലാണ് വളർന്നു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റഷ്യൻ പ്രസിഡന്റ് പുടിനും നേരിട്ട് സംസാരിക്കാനുള്ള നല്ലൊരു അവസരമാണിതെന്നും” ജയശങ്കർ പറയുന്നു.















