ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ അതിർത്തി മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനൊരുങ്ങി ഇന്ത്യയും ചൈനയും. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തിയിൽ സമാധാനം ഉറപ്പാക്കണമെന്നും, യഥാർത്ഥ നിയന്ത്രണരേഖ മാനിക്കാൻ ചൈന തയ്യാറാകണമെന്നും ജയശങ്കർ ആവശ്യപ്പെട്ടിരുന്നു.
ഇരുരാജ്യങ്ങളും തമ്മിൽ പരസ്പര ബഹുമാനം പുലർത്തിക്കൊണ്ട് തന്നെ മികച്ച ബന്ധം ഉറപ്പാക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ജയശങ്കർ വ്യക്തമാക്കി. കിഴക്കൻ ലഡാക്കിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് കൊണ്ട് ഇരുരാജ്യങ്ങൾക്കിടയിലുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തിക്കണമെന്നും, തടസങ്ങൾ പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു.
അതിർത്തി തർക്കം പരിഹരിക്കുന്നതിന് വാങ് യിയുമായി ഫലപ്രദമായ ചർച്ചകൾ നടന്നതായി വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിലും പറയുന്നു. ” മുൻകാലങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും പാലിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി. അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നത് തന്നെയാണ് ചർച്ചയിൽ പ്രഥമ പരിഗണനയായത്. നയതന്ത്ര-സൈനിക തലങ്ങളിൽ ഇതിനുള്ള ശ്രമങ്ങൾ തുടരും.
Met with CPC Politburo member and FM Wang Yi in Astana this morning.
Discussed early resolution of remaining issues in border areas. Agreed to redouble efforts through diplomatic and military channels to that end.
Respecting the LAC and ensuring peace and tranquility in the… pic.twitter.com/kR3pSFViGX
— Dr. S. Jaishankar (@DrSJaishankar) July 4, 2024
നിയന്ത്രണരേഖയെ ബഹുമാനിച്ച് കൊണ്ട് അതിർത്തിയിൽ സമാധാനം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പരസ്പര ബഹുമാനത്തോടെയുള്ള പ്രവർത്തനങ്ങൾ ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തും. പ്രശ്‌നങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് ഒരു രീതിയിലും ഇരുരാജ്യങ്ങൾക്കും ഗുണകരമല്ലെന്ന് ഇരുനേതാക്കളും സമ്മതിച്ചതായും” പ്രസ്താവനയിൽ പറയുന്നു. ആശയവിനിമയം ശക്തിപ്പെടുത്തുമെന്നും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് കൊണ്ട് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നു.















