യൂറോ കപ്പിൽ ഇന്ന് വാശിയേറിയ ക്വാർട്ടർ പോരാട്ടങ്ങൾ. ആദ്യ ക്വാർട്ടറിൽ ജർമ്മനി സ്‌പെയിനിനെ നേരിടും. രണ്ടാം ക്വാർട്ടറിൽ കരുത്തരായ ഫ്രാൻസ് ആണ് പോർച്ചുലിന്റെ എതിരാളികൾ. രാത്രി 9.30നും 12 30നുമാണ് മത്സരങ്ങൾ.
ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് സ്‌പെയിനും ജർമ്മനിയും ക്വാർട്ടറിലെത്തിയത്. യൂറോ കപ്പിന്റെ ചരിത്രത്തിൽ ഏറ്റവുമധികം തവണ കിരീടം ചൂടിയ ടീമുകൾ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ ജർമ്മനി സ്‌പെയിൻ ക്വാർട്ടർ മത്സരത്തിനുണ്ട്. മൂന്നു തവണയാണ് ഇരുടീമുകളും യൂറോകപ്പിൽ മുത്തമിട്ടിട്ടുള്ളത്. മികച്ച ഫോമിലുള്ള താരങ്ങളും സ്വന്തം നാട്ടിൽ നടക്കുന്ന യൂറോകപ്പുമാണ് ജർമ്മനിക്ക് കരുത്ത് പകരുന്നതെങ്കിൽ, വേഗതയേറിയ ആക്രമണ ഫുട്‌ബോളും യുവതാരങ്ങളും ആണ് സ്‌പെയിനിന്റെ പിൻബലം.
അതേസമയം ഇന്നു നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ സൂപ്പർതാരങ്ങൾ കളത്തിലിറങ്ങും. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പറങ്കിപ്പടയും, കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഫ്രഞ്ച് പടയും ആണ് കൊമ്പ് കോർക്കുക. സൂപ്പർതാരങ്ങളെ കൊണ്ട് സമ്പന്നമാണ് ഇരു ടീമുകളും. എന്നാൽ അതിനൊത്ത പ്രകടനം ടൂർണമെന്റിൽ പുറത്തെടുക്കാൻ പോർച്ചുഗലിനും ഫ്രാൻസിനും ആയിട്ടില്ല. നായകൻ എംബാപ്പെ കളം നിറഞ്ഞു കളിക്കുന്നത് ഫ്രാൻസിന് ആശ്വാസം പകരുന്നുണ്ടെങ്കിലും, നിറംമങ്ങി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന് നിരാശയാണ് നൽകുന്നത്.