ബ്രിട്ടനിൽ 14 വർഷം നീണ്ടുനിന്ന കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക് നീങ്ങുമ്പോൾ കെയ്ർ സ്റ്റാർമറിനോട് പരാജയം സമ്മതിച്ച് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി കെയ്ർ സ്റ്റാർമർ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് ജനത കൃത്യമായ വിധിയെഴുത്ത് നടത്തിയെന്നും, ഇതിൽ നിന്ന് ധാരാളം കാര്യങ്ങൾ ഉൾക്കൊള്ളാനും പഠിക്കാനുമുണ്ടെന്നും ഋഷി സുനക് പറയുന്നു.
” ബ്രിട്ടീഷ് ജനത ഈ തെരഞ്ഞെടുപ്പിന്റെ വിധിയെഴുതിയിരിക്കുകയാണ്. ഇപ്പോൾ സംഭവിച്ച പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുകയാണ്. ലേബർ പാർട്ടി ഇക്കുറി നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു. ഈ വിജയത്തിൽ ഞാൻ കെയ്ർ സ്റ്റാർമറെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. നിരവധി കഠിനാധ്വാനികളായ മികച്ച കൺസർവേറ്റീവ് സ്ഥാനാർത്ഥികൾ ഇക്കുറി പരാജയപ്പെട്ടു. അവർ ഏറ്റവും നന്നായി തന്നെ അർപ്പണബോധത്തോടെ പരിശ്രമിച്ചിരുന്നു. പക്ഷേ എല്ലാവരോടും മാപ്പ് ചോദിക്കുകയാണെന്നും” ഋഷി സുനക് പറയുന്നു. റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് നിലനിർത്താൻ ഋഷി സുനകിന് സാധിച്ചിട്ടുണ്ട്. 23,059 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഋഷി സുനക് വിജയം സ്വന്തമാക്കിയത്.
അതേസമയം മികച്ച വിജയം തന്ന ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി കെയ്ർ സ്റ്റാർമർ പറഞ്ഞു. ” രാജ്യത്തെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ആശയങ്ങൾ നടപ്പിക്കും. രാഷ്‌ട്രീയം പൊതുസേവനമാക്കി കാണിക്കും. ഈ പാർട്ടിയിൽ വിശ്വസിച്ച് വോട്ട് ചെയ്ത ഓരോരുത്തർക്കും നന്ദി അറിയിക്കുകയാണ്. രാജ്യത്തിന്റെ ചുമലിൽ ഉണ്ടായിരുന്ന വലിയൊരു ഭാരമാണ് ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്നും” സ്റ്റാർമർ പറഞ്ഞു. 650 അംഗ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിന് വേണ്ട 325 സീറ്റുകൾ അതിവേഗത്തിൽ തന്നെ ലേബർ പാർട്ടി സ്വന്തമാക്കിയിരുന്നു.