ലണ്ടൻ: ബ്രിട്ടണിന്റെ 58-ാം പ്രധാനമന്ത്രിയായി അധികാരമേറ്റ് 61-കാരനായ കെയ്ർ സ്റ്റാർമർ. പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജാവ് ചാൾസ് മൂന്നാമനെ കെയ്ർ സ്റ്റാർമർ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ചുമതലയൊഴിയുന്ന ഋഷി സുനകിന് നന്ദിയറിയിച്ചാണ് സ്റ്റാർമർ പദവി സ്വീകരിച്ചത്.
സുനകിന്റെ നേട്ടങ്ങൾ വിലകുറച്ച് കാണേണ്ടതല്ലെന്ന് സ്റ്റാർമർ ചൂണ്ടിക്കാട്ടി. യുകെയുടെ ആദ്യ ബ്രിട്ടീഷ്-ഏഷ്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ സുനക് കാഴ്ചവച്ച പ്രകടനവും അദ്ദേഹത്തിന്റെ അധ്വാനവും വില കുറച്ച് കാണേണ്ടതല്ല, സുനകിന്റെ സമർപ്പണബോധത്തെയും പ്രയത്നത്തെയും അംഗീകരിക്കുന്നുവെന്നും സ്റ്റാർമർ പറഞ്ഞു. ശേഷം സ്ഥാനമേറ്റെടുത്ത അദ്ദേഹം പരമ്പരാഗതമായി തുടർന്ന് പോരുന്ന പതിവ് തെറ്റിക്കാതെ ഡൗണിംഗ് സ്ട്രീറ്റിലെത്തി രാജ്യത്തെ അഭിസംബോധന ചെയ്തു.
#WATCH | “…Have no doubt that work of change begins immediately, have no doubt that we will rebuild Britain…,” says Keir Starmer as he delivers his first speech as UK Prime Minister outside 10, Downing Street.
(Source: Reuters) pic.twitter.com/WBiIiNP5Lu
— ANI (@ANI) July 5, 2024
ലേബർ പാർട്ടിക്ക് വോട്ട് ചെയ്തവരെയും അല്ലാത്തവരെയും പുതിയ സർക്കാർ ഒരുപോലെ സേവിക്കുമെന്ന് ഉറപ്പുനൽകിയ പ്രധാനമന്ത്രി, ബ്രിട്ടണെ നവീകരിക്കുമെന്ന് പ്രഖ്യാപിച്ചു. രാഷ്‌ട്രം ആദ്യം, പാർട്ടി രണ്ടാമത് എന്നതാണ് നയമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്‌ട്രീയമെന്നത് നല്ലതിന് വേണ്ടിയായിരിക്കണമെന്നും പുതിയ സർക്കാർ അത് കാണിച്ചുതരുമെന്നും അദ്ദേഹം പറഞ്ഞു.
Live from Downing Street: Watch my first speech as Prime Minister https://t.co/t2fQjytLBH
— Keir Starmer (@Keir_Starmer) July 5, 2024
കുത്തഴിഞ്ഞ പൊതുസേവനങ്ങൾ, വിലക്കയറ്റം, നേതാക്കളുടെ പൊള്ള വാഗ്ദാനങ്ങൾ തുടങ്ങിയ കാര്യങ്ങളാൽ ബ്രിട്ടീഷ് ജനത മടുത്തിരിക്കുകയാണ്. മാറ്റത്തിനുള്ള പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുമെന്നതിൽ സംശയം വേണ്ട.. ബ്രിട്ടണിനെ പുനർനിർമിക്കും. ഒരു സ്വിച്ചിടുന്നത് പോലെ പരിവർത്തനങ്ങൾ സാധ്യമല്ല. ഏറ്റവുമധികം അസ്ഥിരമായ ഇടമാണ് ലോകം. അതുകൊണ്ട് മാറ്റത്തിന് സമയമെടുക്കും. എന്നിരുന്നാലും ആ മാറ്റങ്ങൾ അധികം വൈകില്ലെന്നും ഉടനുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുപറഞ്ഞു.
14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ചാണ് ലേബർ പാർട്ടി ബ്രിട്ടണിൽ അധികാരത്തിൽ വരുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ കെയ്ർ സ്റ്റാർമർ മനുഷ്യാവകാശ പ്രവർത്തകനും മുൻ ചീഫ് സ്റ്റേറ്റ് പ്രോസിക്യൂട്ടറുമാണ്.