ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ മോശം പ്രകടനം ഉണ്ടായത് തനിക്ക് ജലദോഷം ആയതിനാലാണെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോ ബൈഡൻ പറഞ്ഞു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടൊപ്പം നടന്ന ആദ്യ സംവാദത്തിൽ തന്നെ ബൈഡന് അടിപതറുന്ന കാഴ്ചയാണ് കാണാനായത്. ബൈഡന്റെ പ്രകടനത്തിൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലും അതൃപ്തി ശക്തമായിരുന്നു.
ഈ സംവാദത്തിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഈ വിഷയത്തിൽ വിശദീകരണം നൽകുന്നത്. ” എനിക്ക് അന്നേ ദിവസം അസുഖമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ അവസ്ഥയും വളരെ മോശമായിരുന്നു. ആരോഗ്യപരിശോധനയും നടത്തിയിരുന്നു. കടുത്ത ജലദോഷമാണ് ഉണ്ടായിരുന്നത്. സംവാദത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ മത്സരരംഗത്ത് ഉറച്ചുനിൽക്കുമെന്നും” ബൈഡൻ പറയുന്നു. അതേസമയം സംവാദത്തിനിടെ ബൈഡൻ നടത്തിയ ചില പരാമർശങ്ങൾ ട്രംപ് അനുകൂലികളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഡെമോക്രാറ്റുകൾക്ക് ഇനി സാധ്യതയില്ലെന്ന രീതിയിൽ നടത്തിയ ചില പരാമർശങ്ങളാണ് പ്രചരിക്കപ്പെട്ടത്.
ചർച്ചയ്‌ക്ക് ശേഷം നടന്ന വോട്ടെടുപ്പിൽ ട്രംപിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ട്രംപിന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ രംഗത്തിറക്കാനുള്ള സാധ്യത ഡെമോക്രാറ്റ് പാർട്ടി തേടിയെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. 81കാരനായ ജോ ബൈഡന് മികച്ച പ്രകടനം നടത്താനാകുമോ എന്ന് പാർട്ടിക്കുള്ളിൽ തന്നെ വലിയ ചർച്ചകൾ ഉയർന്നിരുന്നു, ഇതിനിടെയാണ് ആദ്യ സംവാദത്തിൽ തന്നെ ട്രംപിന് മുന്നിൽ അടിപതറുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്. സംവാദത്തിന് പിന്നാലെ വിസ്‌കോൺസിനിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും താൻ മത്സരരംഗത്ത് തുടരുമെന്ന് ബൈഡൻ ആവർത്തിച്ചിരുന്നു. ബൈഡനെ പരാജയപ്പെടുത്തുമെന്നും, അധികാരത്തിൽ തുടരുമെന്നും ബൈഡൻ ആവർത്തിക്കുകയും ചെയ്തിരുന്നു.















