ടെഹ്റാൻ: പുരോഗമനവാദിയായ മസൂദ് പെസഷ്കി തീവ്ര മതവാദിയായ സയീദ് ജലീലിയെ പരാജയപ്പെടുത്തിയാണ് ഇറാന്റെ പ്രസിഡന്റാകുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെപ്പോലെ പാശ്ചാത്യശക്തികളുടെ കടുത്തവിമര്ശകനാണ് അന്തരിച്ച മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിം. മതനേതൃത്വത്തിന്റെ അനുമതിയോടെ റെയ്സി നടപ്പാക്കിയ കര്ശനമായ ‘ഹിജാബും പാതിവ്രത്യവും നിയമം’ ഇറാനെ പ്രക്ഷുബ്ധമാക്കിയിരുന്നു. പ്രക്ഷോഭം മാസങ്ങളോളം നീണ്ടെങ്കിലും മതഭരണകൂടത്തെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തെ റെയ്സിയുടെ സര്ക്കാര് അമര്ച്ച ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇബ്രാഹിം റെയ്സി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപപ്പെടുന്നത്. മസൂദ് പെസഷ്കിക്ക് കീഴിൽ ഇറാന്റെ തീവ്രമത നിലപാടിൽ നിന്നും പിന്നോട്ട് പോകുമോ, ഇന്ത്യ- ഇറാൻ ബന്ധത്തിൽ മാറ്റമുണ്ടാകുമോ?
ആരാണ് മസൂദ് പെസഷ്കി
കാർഡിയാക് സർജനായ മസൂദ് പെസഷ്കി വർഷങ്ങളായി ഇറാൻ നിയമ നിർമാണ സഭയിലെ അംഗമാണ്. ആഗോളതലത്തിൽ വരുന്ന മാറ്റം രാജ്യത്തും പ്രതിഫലിക്കണമെന്ന് നിലപാടുകാരനാണ് അദ്ദേഹം. അതിനാൽ എന്നും ആഭ്യന്തര- അന്തർദേശീയ പരിഷ്കാരങ്ങളെ പിന്തുണച്ചിട്ടുണ്ട്. മുൻഗാമികളുടെ തീവ്രമതനിലാപടുകളോട് പരസ്യമായി എതിർപ്പും നിരവധി തവണ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകളോടും ആശയങ്ങളോടുമുള്ള ഇറാൻ ജനതയുടെ ഐക്യദാർഢ്യമായാണ്. തെരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തൽ. എന്നാൽ പരമോന്നത നേതാവിന്റെ കൽപ്പനകളെ മറികടന്ന് പെസഷ്കിക്ക് എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാൻ ആകുമെന്ന് കണ്ടറിയേണ്ടു വരും.
ഇന്ത്യ-ഇറാൻ ബന്ധം
ഇന്ത്യയും ഇറാനും തമ്മിൽ നൂറ്റാണ്ടുകളായി സാമ്പത്തിക ബന്ധമുണ്ട്. അത് ഇന്നും തുടരുന്നു. പെസെഷ്കിയന്റെ കീഴിൽ ബന്ധങ്ങൾ കൂടുതൽ ദൃഢമാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യ ഏറ്റെടുത്തത്. പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യയുമായും വ്യാപാരം നടത്തുന്നതിനുള്ള ഒരു പ്രധാന ട്രാൻസിറ്റ് പോയിൻ്റാണിത്.ഷാഹിദ്-ബെഹേഷ്തി തുറമുഖ ടെർമിനലിന്റെ വികസനത്തിനായി 120 മില്യൺ ഡോളറാണ് ഇന്ത്യ നിക്ഷേപിക്കുന്നത്. കൂടാതെ ഇറാനിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 250 മില്യൺ ഡോളർ വായ്പ നൽകുകയും ചെയ്തു.
ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ സ്രോതസ്സുകളിലൊന്നാണ് ഇറാൻ. പാശ്ചാത്യ ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണയുടെ കയറ്റുമതി വർധിപ്പിക്കാൻ ഇറാൻ ഇന്ത്യയെ ആശ്രയിച്ചേക്കും. ഇതോടെ കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ വാങ്ങാനുള്ള സാഹചര്യം ഇന്ത്യയ്ക്ക് ലഭിക്കുകയും ചെയ്യും.
ഇന്ത്യയും ഇറാനും തമ്മിലുള്ള സഹകരണത്തിനുള്ള മറ്റൊരു പ്ലാറ്റ്ഫോമാണ് ഇൻ്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ (INSTC), ഇന്ത്യയെ ഇറാൻ വഴി റഷ്യയുമായി ബന്ധിപ്പിക്കുന്ന മൾട്ടി മോഡൽ ഗതാഗത പാതയാണിത്. വ്യാപാരത്തിന്റെയും ഉഭയകക്ഷി ബന്ധത്തിന്റെയും കാര്യത്തിൽ കണക്റ്റിവിറ്റിക്ക് പ്രാധാന പങ്കുണ്ട്.
ഇറാൻ തെരഞ്ഞെടുപ്പ്
മുൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി മെയ് 19 ന് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പശ്ചാത്തലത്തിലാണ് ഇറാനിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്. 39.92 ശതമാനം മാത്രമായിരുന്നു പോളിംഗ്. പ്രാദേശിക സംഘർഷങ്ങൾക്കിെടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.