സൂര്യകുമാർ യാദവിന്റെ ക്യാച്ചിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രസകരമായ മറുപടി നൽകി രോഹിത് ശർമ്മ. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു സൂര്യയുടെ ബൗണ്ടറി ലൈൻ ക്യാച്ച്. സിക്‌സർ പറത്താനുള്ള മില്ലറിന്റെ ശ്രമം ഓഫ് ബൗണ്ടറിയിൽ താരത്തിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിൽ നിർണായകമായതും ഈ ക്യാച്ചായിരുന്നു. ക്യാച്ച് എടുത്തതിന് ശേഷം സൂര്യകുമാർ പറഞ്ഞ കാര്യമാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ വെളിപ്പെടുത്തിയത്.
ഡേവിഡ് മില്ലറുടെ ക്യാച്ച് സ്വന്തമാക്കിയത് നന്നായി. അല്ലെങ്കിൽ താൻ ടീമിന് പുറത്തായേനെ എന്നാണ് സൂര്യ പറഞ്ഞത്.- രോഹിത്ത് പറഞ്ഞു. ദൈവത്തിന്റെ തീരുമാനമായിരുന്നു അത്. രാജ്യത്തിന് വേണ്ടി ആ ക്യാച്ച് സ്വന്തമാക്കാൻ കഴിഞ്ഞതിൽ ഞാൻ അതീവ സന്തോഷവാനാണെന്നായിരുന്നു സൂര്യകുമാർ പറഞ്ഞത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്‌ക്ക് പ്രതീക്ഷ നൽകി ക്രിസീലുറച്ച ഡേവിഡ് മില്ലറെയാണ് അവിശ്വസനീയമായ ക്യാച്ചിലൂടെ സൂര്യകുമാർ പുറത്താക്കിയത്. പിന്നാലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. സൂര്യ ക്യാച്ചെടുക്കുമ്പോൾ ബൗണ്ടറി കുഷ്യൻ നീങ്ങിക്കിടക്കുന്നുവെന്നായിരുന്നു ഒരു വിഭാഗം പേരുടെ ആരോപണം. കുഷ്യനിൽ സൂര്യകുമാർ ചവിട്ടിയെന്നും പ്രചരണമുണ്ടായി.















