ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ, ഓസ്ട്രിയ സന്ദർശനത്തിന് നാളെ തുടക്കം. പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന് ഏറെ പ്രധാനവും സഹായകരവുമാകുമെന്ന് ഇരുരാഷ്‌ട്രങ്ങളിലേയും മുതിർന്ന നേതാക്കൾ വ്യക്തമാക്കി. 22ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നത് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലേക്കെത്തുന്നത്. 8,9 തിയതികളിലായാണ് റഷ്യൻ സന്ദർശനം.
അതിന് ഒൻപതാം തിയതി അദ്ദേഹം ഓസ്ട്രിയയിലേക്ക് പോകും. 41 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് എത്തുന്നത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായുള്ള നിർണായകമായ സന്ദർശനമാണിതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. വിപുലമായ ഒരുക്കങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഒരുക്കിയിരിക്കുന്നതെന്നും, പുടിനുമായി ചർച്ചകൾ നടത്തുമെന്നും പെസ്‌കോവ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രിയും പുടിനുമായി വിവിധ വിഷയങ്ങൾ ചർച്ചകൾ നടത്തുമെന്നും, നിലവിൽ ഇരുരാഷ്‌ട്രങ്ങൾക്കുമിടയിലുള്ള ബന്ധത്തെ അവലോകനം ചെയ്യുമെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇരുരാഷ്‌ട്രത്തലവന്മാരുടേയും നേതൃത്വത്തിൽ നടത്തുന്ന ഉന്നതതല ചർച്ചയാണിത്. അവസാനത്തെ വാർഷിക ഉച്ചകോടി 2021 ഡിസംബർ 6 ന് ഡൽഹിയിൽ വച്ചാണ് നടന്നത്. അന്ന് പുടിൻ ഇന്ത്യയിലെത്തിയിരുന്നു. അഞ്ച് വർഷത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനമാണ് നാളെ നടക്കുന്നത്.
അതേസമയം ഓസ്ട്രിയയിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം സുപ്രധാനമായ നാഴികക്കല്ല് ആണെന്നാണ് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ വിശേഷിപ്പിച്ചത്. ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ഉഭയകക്ഷി-നയതന്ത്ര ബന്ധം വളർത്തുന്നതിനുള്ള നിർണായക അവസരമാണിതെന്നും അവർ ചൂണ്ടിക്കാട്ടി. ” വിയന്നയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നാൽപ്പത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിൽ എത്തുന്നത്. ഈ സന്ദർശനം ഞങ്ങളെ സംബന്ധിച്ച് വലിയ ബഹുമതിയാണ്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ നിർണായക മുഹൂർത്തമാണിതെന്നും” നെഹാമർ പറയുന്നു.