2022 അവസാനത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. പന്ത് ഓടിച്ചിരുന്ന കാർ ഡൽഹി- ഡെറാഡൂൺ ഹൈവേയിൽ ഡിവൈഡറിൽ ഇടിക്കുകയും തീപ്പിടിക്കുകയുമായിരുന്നു. കളിക്കളത്തിലേക്ക് പന്ത് മടങ്ങി വരുമോ എന്നത് പിന്നീടൊരു ചോദ്യം മാത്രമായി അവശേഷിച്ചു. 14 മാസങ്ങൾക്ക് ശേഷം ഐപിഎല്ലിലൂടെ അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. പിന്നാലെ ടി20 ലോകകപ്പിലൂടെ ഇന്ത്യൻ ടീമിലേക്കും. ആശുപത്രി കിടക്കയിൽ ആയിരുന്നപ്പോൾ പ്രധാനമന്ത്രി തന്നെ വിളിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഋഷഭ് പന്ത്.
ടി20 ലോകജേതാക്കളായ ഇന്ത്യൻ ടീമിന് ലോക് കല്യാൺ മർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ സ്വീകരണമൊരുക്കിയിരുന്നു. പ്രധാനമന്ത്രിയുമായി താരങ്ങൾ നടത്തിയ കൂടിക്കാഴ്ചയിലാണ് പന്ത് വെളിപ്പെടുത്തൽ നടത്തിയത്. ” സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. 1.5 വർഷം മുമ്പാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ പ്രധാനമന്ത്രി അമ്മയെ വിളിച്ചിരുന്നു. വലിയ ആത്മവിശ്വാസമാണ് ആ വാക്കുകൾ നൽകിയത് . വളരെയധികം മാനസിക സംഘർഷം നേരിട്ട സമയമായിരുന്നു അത്. ഒന്നും സംഭവിക്കില്ലെന്ന പ്രധാനമന്ത്രിയുടെ ആശ്വാസവാക്കുകൾ മനസ്സിന് വലിയ രീതിയിൽ ശക്തി നൽകുന്നതായിരുന്നു. തനിക്കും തന്റെ കുടുംബത്തിനും അത് ശരിക്കും കരുത്ത് നൽകി.”- പന്ത് പറഞ്ഞു.
അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഋഷഭ് പന്തിന്റെ മികച്ച തിരിച്ച് വരവിന് കൂടിയാണ് ടി20 ലോകകപ്പ് സാക്ഷ്യം വഹിച്ചത്. വിദേശ പിച്ചുകളിൽ തന്റെ പ്രകടനത്തിന് മങ്ങലേറ്റില്ലെന്ന് തെളിയിക്കുന്ന ഇന്നിംഗ്‌സുകളാണ് ടൂർണമെന്റിൽ പിറന്നത്.