കുൽഗാം: ജമ്മുകശ്മീരിലെ രണ്ടിടങ്ങളിലായുണ്ടായ ഏറ്റുമുട്ടലുകളിൽ 6 ഭീകരരെ വധിച്ച് സുരക്ഷാസേന. കുൽഗാം ജില്ലയിലെ രണ്ടിടങ്ങളിലാണ് ശനിയാഴ്ച സൈന്യവും ഭീകരരും ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്ന് നടത്തിയ തെരച്ചിലിൽ മോഡർഗാം മേഖലയിൽ രണ്ടും ചിന്നിഗാം മേഖലയിൽ നിന്നും നാലും ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
പാരാ കമാൻഡോ ഉൾപ്പെടെ രണ്ട് സൈനികർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു.മേഖലകളിൽ ഇപ്പോഴും ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ആർ ആർ സ്വെയിൻ ആറ് ഭീകരർ വധിക്കപ്പെട്ട വിവരം സ്ഥിരീകരിച്ചു. സുരക്ഷാ സേനയെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം ഈ ഓപ്പറേഷനുകളിൽ പ്രാദേശിക ഭീകരർ ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ലഭിച്ചതായും അറിയിച്ചു.
അമർനാഥ് തീർത്ഥാടനത്തിന്റെ പശ്ചാത്തലത്തിൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന ഭീകരരെയാണ് സേന വധിച്ചത്. ചിന്നിഗാം മേഖലയിലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ പ്രഭാകർ ജഞ്ജലിന്റെ സംസ്‌കാര ചടങ്ങുകൾ ജൂലൈ 8 ന് ഔദ്യോഗിക ബഹുമതികളോടെ ജന്മനാടായ മഹാരാഷ്‌ട്രയിലെ അകോല ജില്ലയിൽ നടക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.















