സിയോൾ: ദക്ഷിണ കൊറിയയുടെ അതിർത്തി മേഖലകളിൽ അടുത്തിടെ നടത്തിയ സൈനികാഭ്യാസ പ്രകടനങ്ങൾക്കെതിരെ വിമർശനവുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ദക്ഷിണ കൊറിയ നടത്തുന്നത് തീക്കളിയാണെന്നും, സ്ഥിതിഗതികൾ വഷളാക്കുന്ന പ്രകോപനപരമായ സമീപനമാണിതെന്നും കിം യോ ജോങ് വിമർശിച്ചു. അടുത്തിടെ അതിർത്തിയിൽ ഉത്തരകൊറിയക്കെതിരായ ലഘുലേഖ വിതരണം ആരോപിച്ച് ദക്ഷിണ കൊറിയയിലേക്ക് വ്യാപകമായ രീതിയിൽ ബലൂണുകളിലാക്കി മാലിന്യങ്ങൾ പറത്തിവിട്ടിരുന്നു.
ഇതിന് പിന്നാലെ ദക്ഷിണ കൊറിയ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും, നിലവിലെ സാഹചര്യം യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന മുന്നറിയിപ്പ് ആണ് ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. യുദ്ധത്തിനുള്ള തുറന്ന നീക്കമെന്നാണ് കിം യോ ജോങ് സൈനികാഭ്യാസത്തെ വിശേഷിപ്പിച്ചത്. ” ആത്മഹത്യാപരമായ നീക്കമാണ് ദക്ഷിണ കൊറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അവർക്ക് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഇനി നേരിടേണ്ടി വരും. എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായി മനസിലാകുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.
ദക്ഷിണകൊറിയ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ ഇനിയും പരിധി ലംഘിക്കുകയാണെങ്കിൽ മറിച്ചൊരു വിശദീകരണം നൽകുന്നതിന് മുൻപ് തന്നെ ഉത്തരകൊറിയയുടെ സൈന്യം അതിന് ശക്തമായ മറുപടി നൽകുമെന്നും” കിം യോ ജോങ് പറയുന്നു. ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള പ്രശ്‌നങ്ങൾ ഏതാനും മാസങ്ങൾക്കിടെ വീണ്ടും രൂക്ഷമായിരുന്നു. പ്രകോപനം സൃഷ്ടിക്കുന്ന പല നടപടികളും ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്തിരുന്നു.
യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയ്‌ക്ക് ആവശ്യമായ ആയുധങ്ങൾ കൈമാറുന്നത് ഉത്തരകൊറിയ ആണെന്ന് ദക്ഷിണകൊറിയും അമേരിക്കും ആരോപിച്ചിരുന്നു. തങ്ങൾക്കെതിരായി നീങ്ങുകയാണെന്ന് ആരോപിച്ച് ഉത്തരകൊറിയ, ദക്ഷിണകൊറിയയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചതും ഏതാനും മാസങ്ങൾക്ക് മുൻപാണ്. യുകെ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ ത്രിരാഷ്‌ട്ര സൈനിക അഭ്യാസ പ്രകടനങ്ങൾക്കെതിരെയും കിം യോ ജോങ് രംഗത്തെത്തിയിരുന്നു.















