റായ്പ്പൂർ : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായി ഗോത്ര മേഖലകളിൽ പ്രാദേശിക ഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നൽകാനൊരുങ്ങി ഛത്തീസ്ഗഢ് സർക്കാർ. മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗോത്രവർഗക്കാർ കൂടുതലുള്ള ജഷ്പൂർ ജില്ലയിലെ ബാഗിയ ഗ്രാമത്തിൽ നടന്ന സംസ്ഥാനതല ‘ശാല പ്രവേശനോത്സവ്’ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗോത്രവർഗ്ഗക്കാരെ സ്കൂളിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക പരിപാടിയാണ് ‘ശാല പ്രവേശനോത്സവ്’.
പദ്ധതി പ്രകാരം 18 പ്രാദേശിക ഭാഷകളിലും ഉപഭാഷകളിലും സൗജന്യ ദ്വിഭാഷാ പുസ്തകങ്ങൾ വികസിപ്പിക്കാനും വിതരണം ചെയ്യാനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾ കൂടുതലായി സംസാരിക്കുന്ന ഛത്തീസ്ഗഢി ഭാഷയിൽ (65.83%) കോഴ്സുകൾ തയ്യാറാക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സിദ്ധാർത്ഥ് കോമൾ പർദേശി പറഞ്ഞു. മറ്റു ഭാഷകളായ സർഗുജിഹ (9.38%), ഹൽബി (4.19%); സദാരി (3.97%); ഗോണ്ടി-ദന്തേവാഡ (2.33%), കുദുഖ് (0.7%) എന്നീ ഭാഷകളിലും പാഠപുസ്തകം തയ്യാറാക്കും. പ്രൈമറി ക്ലാസ്സുകളിൽ പ്രാദേശിക ഭാഷകളിലും ഉയർന്ന ക്ലാസുകളിൽ ഹിന്ദിയിലും ഇംഗ്ലീഷിലും സ്കൂൾ പരീക്ഷകൾ നടത്താനും നിർദ്ദേശമുണ്ട്.