പാരീസ്: ഫ്രഞ്ച് പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം കടക്കാതെ ഇടത്-വലത് മുന്നണികൾ. രണ്ട് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ 182 സീറ്റുകളാണ് ന്യൂ പോപ്പുലർ ഫ്രണ്ട് നേടിയത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുന്നണിക്ക് 163 സീറ്റ് ലഭിച്ചു. തീവ്ര വലതുപക്ഷ നിലപാട് തുടരുന്ന നാഷണൽ റാലിക്ക് 143 സീറ്റാണ് നേടാൻ ആയത്.
ജൂൺ 30നാണ് ഫ്രാൻസിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ രണ്ടാംഘട്ടവും പൂർത്തിയായി. ഇതോടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ മാറിമറിയുകയായിരുന്നു. ആദ്യഘട്ടത്തിൽ മുന്നിട്ടുനിന്ന മരീൻ ലെ പെന്നിന്റെ നാഷണൽ റാലി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 143 സീറ്റുകൾ മാത്രമാണ് അവർക്ക് നേടാനായത്. 182 സീറ്റുകൾ നേടിയ ഇടതുസഖ്യം ന്യൂ പോപ്പുലർ ഫ്രണ്ടാണ് ഒന്നാമത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നേതൃത്വം നൽകുന്ന റിനൈസെൻസ് പാർട്ടിയുടെ മുന്നണിക്ക് 163 സീറ്റ് ലഭിച്ചു. ഭൂരിപക്ഷം ലഭിക്കുന്നതിനുള്ള 289 എന്ന മാജിക് നമ്പറിലേക്ക് എത്താൻ ആർക്കും സാധിക്കാത്തതിനാൽ തൂക്ക് മന്ത്രിസഭയ്‌ക്കുള്ള സാധ്യതയാണ് തെളിയുന്നത്.
2027ൽ കാലാവധി കഴിയാതെ രാജി വയ്‌ക്കില്ലെന്ന് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി കഴിഞ്ഞു. സോഷ്യലിസ്റ്റുകൾക്കും, പരിസ്ഥിതിവാദികൾക്കും ഏറെ സ്വാധീനമുള്ള പാർലമെന്റ് ആയി മാറുന്നത് ഫ്രഞ്ച് ചരിത്രത്തിൽ നിർണായകമാവും.