കൊല്ലം: അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് സഹപാഠിയെ ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട സമയത്തായിരുന്നു ആക്രമണം. തങ്ങൾക്ക് നേരെ അസഭ്യവർഷം നടത്തിയെന്നാരോപിച്ചായിരുന്നു വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ചത്.
മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇവർ പകർത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മർദ്ദിച്ച വിദ്യാർത്ഥികൾക്കെതിരെ പരിക്കേറ്റ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.