ചെന്നൈ: വിവാഹത്തട്ടിപ്പ് കേസുകളിൽ പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ സന്ധ്യ എന്ന 30 കാരിയാണ് പിടിയിലായത്. തിരുപ്പൂർ സ്വദേശിയായ 35 കാരന്റെ പരാതിയിലാണ് സന്ധ്യയെ പിടികൂടിയത്.
തിരുപ്പൂർ സ്വദേശിയായ യുവാവ് ‘ദ തമിഴ് വേ’ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് സന്ധ്യയെ പരിചയപ്പെട്ടത് . ഇരുവരും ഏറെ അടുപ്പമാകുകയും , താമസിയാതെ വിവാഹം കഴിക്കുകയും ചെയ്തു . വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം സന്ധ്യയുടെ പെരുമാറ്റത്തിൽ ഭർത്താവിന്റെ വീട്ടുകാർക്ക് സംശയം തോന്നി . തുടർന്ന് ഇവർ സന്ധ്യയുടെ ആധാർ കാർഡ് പരിശോധിച്ചു. ആധാർ കാർഡിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് മറ്റൊരു പേര് നൽകിയത് കണ്ടതോടെ സന്ധ്യയ്‌ക്കെതിരെ താരാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ചതി വെളിപ്പെടുന്നത്. 10 വർഷം മുമ്പ് വിവാഹിതയായ യുവതിക്ക് ഒരു കുട്ടിയുമുണ്ട്. ആദ്യഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം നിരവധി അവിവാഹിതരായ പുരുഷന്മാരെ വിവാഹം കഴിച്ച് കുറച്ച് ദിവസം താമസിച്ച ശേഷം സ്വർണം കൈക്കലാക്കി രക്ഷപ്പെടുന്നതായിരുന്നു പതിവ് . ഡിവൈഎസ്പി, എസ്പി, വ്യവസായികൾ അടക്കം 50 പേരോളം ഇത്തരം തട്ടിപ്പിൽ കുടുങ്ങി. എന്നാൽ മാനക്കേട് മൂലം പലരും പരാതി നൽകാതെ മറയ്‌ക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.















