മോസ്കോ: ഇന്ത്യ-റഷ്യ ഉച്ചകോടിക്കിടെ യുക്രെയ്ൻ യുദ്ധം ചർച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുടിനുമായി മോദി സംസാരിച്ചു. മോസ്കോയിലെ ക്രമിലിനിൽ നടന്ന ഉഭയകക്ഷി ചർച്ചയ്‌ക്കിടെയാണ് മോദിയുടെ വാക്കുകൾ.
യുദ്ധമോ, സംഘർഷമോ, ഭീകരാക്രമണമോ എന്തുമാകട്ടെ.. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും ആളുകളുടെ ജീവൻ നഷ്ടപ്പെട്ടാൽ വേദനിക്കും. നിഷ്കളങ്കരായ കുട്ടികൾ കൊല്ലപ്പെടുമ്പോൾ, അവരുടെ മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നത് ഹൃദയഭേദകമാണ്. ആ വേദന പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഇക്കാര്യത്തിൽ പുടിനുമായി വിശദമായ ചർച്ചയാണ് നടത്താൻ സാധിച്ചത്.
സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ഏതുതരത്തിൽ സഹകരിക്കാനും ഇന്ത്യ തയ്യാറാണ്. സമാധാനത്തിനോടൊപ്പമാണ് ഭാരതം നിലകൊള്ളുന്നതെന്ന് ഈ ലോകത്തോടും റഷ്യയോടും ഊന്നിപ്പറയാൻ ഇന്ത്യ ആഗ്രഹിക്കുന്നു. സമാധാന ചർച്ചയെക്കുറിച്ച് ഇന്നലെ പുടിൻ പറഞ്ഞ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വരും തലമുറകളുടെ നല്ല ഭാവിക്കായി സമാധാനം പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഒരു സുഹൃത്തെന്ന നിലയിൽ ചൂണ്ടിക്കാട്ടാൻ താൻ ആഗ്രഹിക്കുന്നതായി മോദി പറഞ്ഞു. യുദ്ധഭൂമിയിൽ പരിഹാരങ്ങൾ പ്രായോഗികമല്ലെന്നറിയാം. ബോംബിനും ബുള്ളറ്റിനും തോക്കിനുമിടയിൽ സമാധാന ചർച്ചകളും പരിഹാരമാർഗങ്ങളും വിജയം കാണില്ല. എന്നിരുന്നാലും സമവായ ചർച്ചകളുടെ പാത പിന്തുടർന്നാൽ മാത്രമേ സമാധാനം പ്രാപ്യമാകൂവെന്ന് നരേന്ദ്രമോദി ഓർമിപ്പിച്ചു.