മോസ്കോ: ഇന്ത്യൻ പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ ലോകം മുഴുവൻ ഉറ്റുനോക്കിയ ഒരു നിമിഷമാണിതെന്ന് നരേന്ദ്രമോദി. റഷ്യയുമായും പുടിനുമായുമുള്ള തന്റെ ബന്ധം 25 വർഷം മുൻപ് മുതലുള്ളതാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 17 തവണയാണ് പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ 25 വർഷത്തിനിടെ ഏതാണ്ട് 22 ഉഭയകക്ഷി ചർച്ചകൾ റഷ്യയുമായി ഇന്ത്യ നടത്തി. ഭാരതവും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.
ഈ സന്ദർശനത്തെ പലവിധത്തിൽ വ്യാഖ്യാനിക്കുകയാണ് ലോകം. ഒരു സുഹൃത്തെ നിലയിൽ ഇന്നലെ റഷ്യൻ പ്രസിഡന്റിന്റെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. 4-5 മണിക്കൂർ പുടിനുമായി ഒരുമിച്ച് ചെലവഴിച്ചു. നിരവധി വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തി യുക്രെയ്ൻ വിഷയത്തിൽ വളരെയധികം തുറന്നു സംസാരിക്കാൻ കഴിഞ്ഞുവെന്നതിലും, ഇരുരാഷ്ട്രങ്ങളുടെയും അഭിപ്രായവും നിലപാടും ബഹുമാനത്തോടെ കേൾക്കാനും മനസിലാക്കാനും ഇരുവരും തയ്യാറായി എന്നുള്ളതും സന്തോഷം നൽകുന്ന കാര്യമാണെന്നും നരേന്ദ്രമോദി പറഞ്ഞു.
കഴിഞ്ഞ 40-50 വർഷമായി ഭീകരവാദത്തെ വളരെ രൂക്ഷമായി നേരിടേണ്ടി വന്ന രാജ്യമാണ് ഇന്ത്യ. ഭീകരവാദത്തിന്റെ ഏറ്റവും ക്രൂരവും ഭീതിതവുമായ മുഖത്തെ ഇന്ത്യ കണ്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെ മോസ്കോയിൽ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ ഡജസ്താനിൽ ഭീകരപ്രവർത്തനങ്ങൾ കാണുമ്പോൾ അത് എത്രമാത്രം റഷ്യൻ ഭരണകൂടത്തെ വേദനപ്പെടുത്തുമെന്ന് തനിക്ക് ഊഹിക്കാൻ കഴിയും. എല്ലാതരത്തിലുള്ള ഭീകരാക്രമണത്തെയും ശക്തമായി അപലിപിക്കുന്നുവെന്നും മോദി അസന്നിഗ്ധമായി വ്യക്തമാക്കി.