തിരുവനന്തപുരം: സംസ്ഥാനത്തെ നിയമവാഴ്ചയെ മുഖ്യമന്ത്രി അട്ടിമറിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അനുയായികളും ചേർന്നാണ് നിയമവാഴ്ചയെ അട്ടിമറിക്കുന്നത്. പിഎസ്‌സി മെമ്പറെ നിയമിക്കുന്നത് ആരാണെന്ന് എംവി ഗോവിന്ദന് അറിയുമോ എന്ന് ചോദിച്ച സംസ്ഥാന അദ്ധ്യക്ഷൻ, എന്തുകൊണ്ടാണ് പിഎസ്‌സി കോഴയിൽ സുതാര്യമായ അന്വേഷണം നടത്തി ജനങ്ങളോട് സത്യം തുറന്ന് പറയാൻ തയ്യാറാകാത്തതെന്നും ചോദിച്ചു. ഒത്തുതീർപ്പ് നടക്കുന്നതിനാൽ പിഎസ് സി കോഴയിൽ സമഗ്രമായ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
”എന്തിനാണ് പണം കൊടുത്ത് പിഎസ്‌സി മെമ്പറാകുന്നത്. കേരളത്തിൽ ആസൂത്രിതമായും ശാസ്ത്രീയമായും പിഎസ്സിയിൽ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഓരോ പരീക്ഷയിലും നിശ്ചിത ശതമാനം ആളുകളെ പണം വാങ്ങി തിരികി കയറ്റുന്ന ലോബി പ്രവർത്തിക്കുന്നുണ്ട്. പിഎസ്‌സി മെമ്പർമാരാണ് ഇതിന് പിന്നിൽ. മെമ്പർമാരുടെ നിയമനങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്. ഭരണഘടനാ സ്ഥാപനത്തിൽ പ്രവർത്തിക്കാൻ കൈകൂലി നൽകേണ്ടി വരുന്നത് എവിടെയും കേട്ടുകേൾവിയില്ലാത്ത കാര്യമാണ്.” കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയാണ്. ആറുമാസമായി ക്ഷയരോഗികൾക്ക് നൽകേണ്ട മരുന്ന് മുടങ്ങി കിടക്കുകയാണ്. ആരോഗ്യമേഖല താറുമാറായി. വകുപ്പിന്റെ എബസിഡി പോലും മന്ത്രിക്ക് അറിയില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരളീയം ഇവന്റ് മാനേജ്മെൻ്റ് അഴിമതിയാണ്. പരിപാടിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകണം. കേരളീയത്തിന് ചെലവാകുന്ന പണം മറ്റ് പദ്ധതികൾക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.















