സ്വകാര്യ ആഡംബര കാറിൽ ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും സർക്കാർ ബോർഡും സ്ഥാപിച്ച് കറങ്ങിയ പ്രൊബേഷണറി ഐഎഎസുകാരിക്കെതിരെ നടപടി. ഡോ.പൂജ ഖേഡ്കറെയ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവരെ പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലംമാറ്റി. പൂനെ കളക്ടർ ഡോ. സുഹാസിന്റെ ശുപാർശയ്‌ക്ക് പിന്നാലെ ചീഫ് സെക്രട്ടറിയാണ് നടപടിയെടുത്തത്.
2013 ബാച്ച് ഐഎസ്എസുകാരിയാണ് പൂജ. ശേഷിക്കുന്ന പ്രൊബേഷൻ കാലഘട്ടം വാഷിമിൽ സൂപ്പർ ന്യൂമററി അസി.കളക്ടറായി ജോലി ചെയ്യേണ്ടിവരും. പ്രൊബേഷൻ ഓഫീസർക്ക് അനുവദനീയമല്ലാത്ത പ്രത്യേക ആനുകൂല്യങ്ങളും അധികാരവും കളക്ടറുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
തന്റെ സ്വകാര്യ ഓഡി കാറിൽ ബീക്കൺ ലൈറ്റുകൾ സ്ഥാപിച്ച്, വിഐപി നമ്പർ പ്ലേറ്റ് ഘടിപ്പിക്കുയും ചെയ്തു. കൂടാതെ മഹാരാഷ്‌ട്ര സർക്കാർ എന്ന ബോർഡും സ്ഥാപിച്ചായിരുന്നു കറക്കം. ഇതിന് പിന്നാലെ ഔദ്യോഗിക കാറും അതിന് വിഐപി നമ്പർ പ്ലേറ്റും ആവശ്യപ്പെട്ട ഇവർ താമസ സൗകര്യവും ഔദ്യോഗിക ചേംബറും ജീവനക്കാരെയും ഒരു കോൺസ്റ്റബിളിനെയും ആവശ്യപ്പെട്ടു.
ഗസറ്റഡ് ഓഫീസറായി ചുമതലേൽക്കും വരെ ട്രെയിനികൾക്ക് ഇത്തരം ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. എന്നാൽ അസി.കളക്ടർ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചേംബറിൽ കയറി തന്റെ പേര് എഴുതിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ഐഎഎസ് ലഭിക്കാൻ ഹാജരാക്കിയ സർട്ടിഫിക്കറ്റിലും ചില തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ഇവർക്കെതിരെ ആരോപണമുണ്ട്.