വാഷിംഗ്ടൺ: റഷ്യയും ചൈനയുമായുള്ള ബന്ധത്തിൽ ആശങ്കയറിച്ച് നാറ്റോ നേതാക്കൾ. യുക്രെയ്‌നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നതിൽ ചൈനയ്‌ക്ക് വളരെ വലിയ പങ്കുണ്ടെന്ന് നേതാക്കൾ ആരോപിച്ചു. പ്രതിരോധ വ്യാവസായിക മേഖലകളിൽ ശക്തമായ പിന്തുണ നൽകി കൊണ്ടും പരിധിയില്ലാത്ത പങ്കാളിത്തത്തിലൂടെയും യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയുടെ പ്രധാന സഹായിയായി ചൈന മാറിയെന്നും ഇവർ ആരോപിച്ചു. വാഷിംഗ്ടണിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് ചൈനയ്‌ക്കെതിരായ വിമർശനം നേതാക്കൾ ശക്തമാക്കിയത്.
റഷ്യയ്‌ക്ക് യുദ്ധ മേഖലകളിൽ നൽകുന്ന പിന്തുണ എല്ലാ രീതിയിലും അവസാനിപ്പിക്കണമെന്നും നാറ്റോ നേതാക്കൾ ചൈനയോട് അഭ്യർത്ഥിച്ചു. ”റഷ്യയുടെ പ്രതിരോധ മേഖലയിൽ ചൈനയുടെ സ്വാധീനം വളരെ വലുതാണ്. ആയുധങ്ങളും മറ്റ് അസംസ്‌കൃത വസ്തുക്കളുടെ കൈമാറ്റങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. അവരുടെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കാത്തിടത്തോളം കാലം ഇതിനൊരു മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും” നേതാക്കൾ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഇന്ന് നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് നേതൃത്വം ചൈനയുടെ നിലപാടുകളെ വിമർശിച്ച് രംഗത്തെത്തിയത്. റഷ്യ-യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്‌ക്കെതിരെയും വലിയ ആരോപണങ്ങളാണ് ഉയർന്നത്. പോരാട്ടത്തിൽ യുക്രെയ്‌ന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും നേതൃത്വം വ്യക്തമാക്കി.
അതേസമയം നാറ്റോ സഖ്യം ഉയർത്തിയ ആരോപണങ്ങൾ ചൈന നിഷേധിച്ചു. തങ്ങൾക്കെതിരായ വിമർശനങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടിയ ചൈന, നാറ്റോയ്‌ക്കെതിരെ വിലയി വിമർശനമാണ് ഉയർത്തിയത്. കിഴക്കൻ മേഖലകളിലോട്ട് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഈ സഖ്യം നടത്തുന്നതെന്ന് ചൈന ആരോപിച്ചു.