തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ എബിവിപി പ്രതിഷേധം. ഉപരിപഠനത്തിനായി വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്ന വിഷയവുമായി ബന്ധപ്പെട്ട് സഭയിൽ മന്ത്രി നടത്തിയ പ്രസ്താവനക്കെതിരെയാണ് പ്രതിഷേധിക്കുന്നത്. ഇരിങ്ങാലക്കുടയിലെ മന്ത്രിയുടെ ഓഫീസിന് മുന്നിൽ എബിവിപി പോസ്റ്ററുകൾ പതിപ്പിച്ചു.
കഴിഞ്ഞ ഏഴ് വർഷം കേരളത്തിലെ വിദ്യാഭ്യാസം വിദേശ നിലവാരത്തിൽ ഉയർത്തിയിട്ടില്ലെന്നും ഗാന്ധിജിയും ഇന്ദിരയും പഠിച്ച കാലഘട്ടമല്ലെന്നും പോസ്റ്ററുകളിൽ പരാമർശിക്കുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികൾ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. എബിവിപി തൃശൂർ ജില്ലാ സെക്രട്ടറി കെ എസ് യദുകൃഷ്ണനാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്.
വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് തടയേണ്ടതില്ലെന്നും ഇതൊരു പുതിയ കാര്യമല്ലെന്നുമാണ് ആർ ബിന്ദു നിയമസഭയിൽ പറഞ്ഞത്. മഹാത്മാഗാന്ധി ലണ്ടനിലാണ് ഉപരിപഠനത്തിന് പോയത്. നെഹ്റുവും അംബേദ്കറും ഉൾപ്പെടെയുള്ളവർ വിദേശത്ത് പഠിച്ചവരാണ് എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികവ് വർദ്ധിപ്പിക്കുന്നതിനുള്ള ഊർജ്ജിത പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി ബിന്ദു പറഞ്ഞു.