തിരുവനന്തപുരം: തലസ്ഥാന ജില്ലയെ വിഭജിച്ച് രണ്ടാക്കി, കേരളത്തിന് പുതിയ ജില്ലകൂടി വേണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രിക്ക് ഹർജി. നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയാണ് പുതിയ ജില്ല വേണമെന്നാവശ്യവുമായി പിണറായി വിജയന് ഭീമ ഹർജി നൽകിയത്. അരലക്ഷംപേർ ഒപ്പിട്ട ഹർജി സമിതി ചെയർമാൻ ജി ബാലകൃഷ്ണ പിള്ളയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
1984 ൽ കാസർകോട് രൂപീകരിച്ചതിന് ശേഷം പുതിയ ജില്ലകൾ രൂപീകരിച്ചിട്ടില്ല, ഇത് കേന്ദ്രവിഹിതത്തിലും ഏകീകൃത വികസനത്തിലും വമ്പൻ നഷ്ടമുണ്ടാക്കിയെന്നാണ് സംഘടനയുടെ വാദം. നെയ്യാറ്റിൻകര കാട്ടാക്കട താലൂക്കുകൾ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കിയാണ് പുതിയ ജില്ലയ്‌ക്ക് നീക്കം നടക്കുന്നത്.
നെയ്യാറ്റിൻകര ലത്തീൻ രൂപത മോൺ. ഫാ. ജി. ക്രിസ്തുദാസ്, അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികൾ സി.എസ്.ഐ സഭ മുൻ സെക്രട്ടറി ഡി.ലോറൻസ്. കെ.ആൻസലൻ എം.എൽ.എ, എം. മുഹീനുദ്ദീൻ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയും പുതിയ നീക്കം ഏറ്റുപിടിച്ചിട്ടുണ്ട്. വ്യാപകമായ ട്രോളുകളാണ് നിറയുന്നത്.