എറണാകുളം: മലയാളം കഥയെ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത് കയ്യടി നേടി കൊച്ചുമിടുക്കൻ. എട്ടാം ക്ലാസുകാരനായ ആര്യൻ ഠാക്കൂറാണ് മലയാളം കഥയെ വിവർത്തനം ചെയ്ത് സ്കൂളിലെ താരമായത്. എഴുത്തുകാരി പ്രിയ എഎസിന്റെ കഥയെയാണ് ആര്യൻ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തത്. ബിഹാർ സ്വദേശിയായ ആര്യനും കുടുംബവും വർഷങ്ങളായി കേരളത്തിലാണ് താമസിക്കുന്നത്. നേരിട്ടെത്തി പ്രശംസിച്ച പ്രിയ എഎസ് ആര്യൻ വിവർത്തനം ചെയ്ത പുസ്തകം പ്രകാശനം ചെയ്തു.
ബിഹാർ സ്വദേശികളായ നീരജ് -ഡിംപിൾ ദമ്പതികളുടെ മകനാണ് ആര്യൻ. എറണാകുളം ശ്രീ രുദ്രാ വിലാസം സ്കൂളിലെ അദ്ധ്യാപികയുടെ പ്രേത്സാഹനത്തെ തുടർന്നാണ് ആര്യൻ വിവർത്തനം ആരംഭിച്ചത്. ചെറുപ്പം മുതൽ വായന ശീലമാക്കിയിരുന്ന ആര്യൻ മലയാള പുസ്തകത്തിന്റെ വിവർത്തനം ഒരുക്കാൻ ദിവസങ്ങളെടുത്തു. എഴുതിയത് പുസ്തക രൂപത്തിൽ കയ്യിൽ കിട്ടിയപ്പോൾ സന്തോഷത്തിലും അഭിമാനത്തിലുമാണ് മാതാപിതാക്കൾ.
പുസ്തകത്തിന്റെ ആദ്യ വരി വായിച്ചപ്പോൾ തന്നെ വളരെയധികം സന്തോഷം തോന്നിയെന്ന് എഴുത്തുകാരി പ്രിയ എഎസ് പ്രതികരിച്ചു. പൂർണമായും കഥയെ ഉൾക്കൊണ്ടാണ് ആര്യൻ വിവർത്തനം ചെയ്തിരിക്കുന്നത്. എല്ലാവരുടെയും പിന്തുണ ഉള്ളതിനാലാണ് ആര്യന്റെ കഴിവിനെ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞതെന്നും പ്രിയ എഎസ് പറഞ്ഞു.
കപ്പലിൽ ബാർബറായി ജോലി ചെയ്യുകയാണ് പിതാവ് നീരജ്. മലയാളം നന്നായി സംസാരിക്കുന്ന ആര്യൻ ഭാവിയിൽ നാവികസേനാ ഉദ്യോഗസ്ഥനാകണമെന്ന തന്റെ ആഗ്രഹവും മാദ്ധ്യമപ്രവർത്തകരോട് പങ്കുവച്ചു.