സിയോൾ: നാറ്റോ രാജ്യങ്ങളുടേയും സഖ്യകക്ഷികളുടേയും ഇടങ്ങളിൽ സൈനികശക്തി വിപുലീകരിക്കാനുള്ള യുഎസ് നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ. നാറ്റോ ഉച്ചകോടിയിൽ നടത്തിയ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുന്നതായി ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവിനെ ഉദ്ധരിച്ച് കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.
ഉത്തരകൊറിയയിൽ നിന്നുള്ള ആണവ സൈനിക ഭീഷണികളെ പ്രതിരോധിക്കുന്നതിനായി ദക്ഷിണകൊറിയയിൽ അമേരിക്കയുമായി ചേർന്ന് പ്രതിരോധ സംവിധാനം രൂപപ്പെടുത്താൻ തീരുമാനമായിരുന്നു. നാറ്റോ ഉച്ചകോടിക്കിടെ ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. എന്നാൽ അമേരിക്കയും നാറ്റോയും ഏറ്റുമുട്ടലുകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഉത്തരകൊറിയ ആരോപിച്ചു. നാറ്റോയിൽ ഉയർന്നു വന്ന നിലപാടുകൾ ആഗോളസമാധാനത്തിനും സുരക്ഷയ്‌ക്കും ഭീഷണിയാണെന്ന് വൈകാതെ തെളിയുമെന്നും ഉത്തരകൊറിയ ആരോപിക്കുന്നു.
” ദക്ഷിണ കൊറിയയും ജപ്പാനും ഉൾപ്പെടെ ഏഷ്യയിലെ വിവിധ പങ്കാളികളോടൊപ്പം ചേർന്ന് സൈനികശക്തി വിപുലീകരിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾ അത്യന്തം അപലപനീയമാണ്. പ്രാദേശിക സുരക്ഷയ്‌ക്കും സമാധാനത്തിനും വലിയ ഭീഷണിയാണ് ഇത്തരം ശ്രമങ്ങൾ. ആഗോളതലത്തിൽ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കാനും, യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതുമായി നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും” ഉത്തരകൊറിയ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസങ്ങളിലായി വാഷിംഗ്ടണിൽ നടന്ന ഉച്ചകോടിയിൽ യുക്രെയ്‌നെതിരായ പിന്തുണ ആവർത്തിക്കുകയും, റഷ്യയ്‌ക്ക് ചൈന നൽകുന്ന പിന്തുണയെ അപലപിക്കുകയും ചെയ്തിരുന്നു.റഷ്യയ്‌ക്ക് എല്ലാ രീതിയിലും നൽകി വരുന്ന പിന്തുണ ചൈന അവസാനിപ്പിക്കണമെന്നും ഉച്ചകോടിയിൽ ആവശ്യം ഉയർന്നിരുന്നു. സൈനിക പിന്തുണ നൽകുന്നത് വഴി യുക്രെയ്‌നെതിരായ യുദ്ധത്തിനാണ് റഷ്യയെ ഇറാനും ഉത്തരകൊറിയയും ചൈനയുമെല്ലാം സഹായിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.