തിരുവനന്തപുരം: മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും ആമയിഴഞ്ചാൻ തോടിന്റെ നവീകരണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിൽ കോർപ്പറേഷന് വീഴ്ച സംഭവിച്ചെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്കായി ഓരോ വർഷവും 100 കോടി രൂപയാണ് കോർപ്പറേഷൻ പാസാക്കുന്നതെന്നും എന്നാൽ അതിനനുസരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണത്തൊഴിലാളി ജോയിയെ കാണാതായ പശ്ചാത്തലത്തിലായിരുന്നു വി വി രാജേഷിന്റെ വാക്കുകൾ.
” നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ടൺ കണക്കിന് മാലിന്യങ്ങളാണ് തോടിലൂടെ ഒഴുകി വരുന്നത്. മാലിന്യങ്ങൾ നിറഞ്ഞ് ചതുപ്പ് നിലമാണ് തോട്ടിലുള്ളത്. കോടിക്കണക്കിന് രൂപ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കായും മാറ്റിവയ്‌ക്കുന്നുണ്ട്. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കോർപ്പറേഷന് സാധിച്ചിട്ടില്ല. മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നതിൽ കൃത്യമായ മാനേജ്‌മെന്റില്ല. കോർപ്പറേഷൻ സമ്പൂർണ പരാജയമാണ്.”- വി വി രാജേഷ് പറഞ്ഞു.
മാലിന്യ സംസ്‌കരണവും ശുചീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകുമ്പോൾ ഭരണത്തലപ്പത്തിരിക്കുന്നവർക്ക് ശ്രദ്ധിക്കാൻ സമയമില്ല. കെഎസ്ആർടിസി ഡ്രൈവർമാരെ ചട്ടം പഠിപ്പിക്കാൻ നടക്കുകയായിരുന്നുവെന്നും തിരുവനന്തപുരം മേയറെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം കുറപ്പെടുത്തി. ജോയിക്കായുള്ള രക്ഷാപ്രവർത്തനം നടത്തുന്ന തൊഴിലാളികൾക്ക് കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ പോലും കോർപ്പറേഷൻ പരാജയപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റെയിൽവേയുടെ കീഴിൽ വരുന്ന സ്ഥലമാണ് ആമയിഴഞ്ചാൻ തോടും പരിസര പ്രദേശങ്ങളുമെന്നാണ് മേയർ ആര്യ രാജേന്ദ്രൻ ഉന്നയിച്ച വിചിത്ര വാദം. റെയിൽവേയുടെ കരാർ പ്രവർത്തനങ്ങൾ ചെയ്യുന്ന ശുചീകരണത്തൊഴിലാളിയെയാണ് കാണാതായതെന്നും നഗരസഭയുടെ കീഴിൽ വരുന്ന പ്രവർത്തനങ്ങളല്ലെന്നുമായിരുന്നു ആര്യ രാജേന്ദ്രൻ ന്യായീകരിച്ചത്.