ഇസ്ലാമാബാദ്: തകർന്നുകൊണ്ടിരിക്കുന്ന പാക് സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്താൻ അന്താരാഷ്‌ട്ര നാണയനിധി (IMF )യിൽ നിന്നും കടമെടുപ്പ് തുടർന്ന് പാകിസ്താൻ. ഇത്തവണ 7 മില്യൺ (70 ലക്ഷം ) ഡോളറാണ് ഐഎംഎഫിൽ നിന്നും വായ്പയായി കൈപ്പറ്റാൻ ധാരണയായിരിക്കുന്നത്. ഇനി കാശിനായി കൈനീട്ടില്ലെന്ന് പാകിസ്താൻ ഉറപ്പ് നൽകിയ ശേഷമാണ് ഐഎംഎഫ് വായ്പ അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഇത് 24-ാം തവണയാണ് പാകിസ്താൻ വായ്പയ്‌ക്കായി ഐഎംഎഫിനെ ആശ്രയിക്കുന്നത്. പതിറ്റാണ്ടുകളുടെ ഭരണ കെടുകാര്യസ്ഥതയും 2022 ലെ മൺസൂണിലുണ്ടായ വെള്ളപ്പൊക്കവും ആഗോള സാമ്പത്തിക മാന്ദ്യവുമെല്ലാം രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. സാമ്പത്തിക അസ്ഥിരത ഏറ്റവും രൂക്ഷമായ സാഹചര്യത്തിലൂടെയാണ് പാകിസ്താൻ കഴിഞ്ഞ വർഷം കടന്നുപോയത്.
അന്ന് സൗഹൃദ രാജ്യങ്ങൾ അവസാന നിമിഷം നൽകിയ വായ്പകളും IMF റെസ്ക്യൂ പാക്കേജുമാണ് പാകിസ്താനെ കരകയറ്റിയത്. എന്നാൽ ജനങ്ങളുടെ മേൽ നികുതിഭാരവും വിലക്കയറ്റവും അടിച്ചേൽപ്പിച്ചിട്ടും ഉയർന്ന പണപ്പെരുപ്പവും പൊതുകടങ്ങളും മറികടക്കാൻ കഴിയാത്ത അവസ്ഥയിലാണ് രാജ്യം. 242 ബില്യൺ ഡോളറാണ് പാകിസ്താന്റെ പൊതുകടം. 2024 സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ ആകെ വരുമാനം കൊണ്ടും തിരിച്ചടയ്‌ക്കാൻ കഴിയാത്ത അവസ്ഥയിലാണ്.















