ന്യൂഡൽഹി: AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയെ ചൊടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം. ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിലെ പുതിയ ഭേദഗതിഗതി സാധാരണ ഗതിയിലുള്ളതല്ലെന്നും ഇത് ലെഫ്. ഗവർണറെ സൂപ്പർ സിഎം ആക്കുന്നതാണെന്നുമാണ് ഒവൈസിയുടെ പരാതി. ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ കേന്ദ്രസർക്കാർ നടപടിയെക്കുറിച്ചാണ് ഒവൈസിയുടെ പരാതി.
ജമ്മു കശ്മീർ സർക്കാരിന്റെ അധികാരങ്ങളിലേക്ക് കയ്യേറ്റം നടത്തുന്ന ഭേദഗതികളാണ് വരുത്തിയിരിക്കുന്നതെന്ന് ഒവൈസി എക്സിൽ കുറിച്ചു സുരക്ഷാ കാര്യങ്ങളിലോ നിയമങ്ങളിലോ സർക്കാരിന് യാതൊരു റോളും നൽകാതിരിക്കാനാണ് ഈ നീക്കം. കശ്മീരിലെ അഡ്മിനിസ്ട്രേറ്റീവ് സർവീസുകളിലേക്കുള്ള ഉദ്യോഗസ്ഥരെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാരായി നിയമിക്കാൻ ലെഫ്. ഗവർണർക്ക് (LG) മാത്രമാണ് അനുമതി. അതുകൊണ്ട് LG സൂപ്പർ CM ആകുമെന്നും ഒവൈസി പറഞ്ഞു.
2019ലെ ജമ്മുകശ്മീർ പുനഃസംഘടനാ നിയമത്തിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനമായിരുന്നു കേന്ദ്രസർക്കാർ പുറത്തിറക്കിയത്. രാഷ്‌ട്രപതിയുടെ അനുമതിയോടെ വിജ്ഞാപനം പ്രാബല്യത്തിൽ വന്നു. പുതിയ ഭേദഗതി പ്രകാരം ഡൽഹിക്ക് സമാനമായി, ആഭ്യന്തര സുരക്ഷ ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങളിൽ ചീഫ് സെക്രട്ടറി മുഖേന ലെഫ്റ്റനൻ്റ് ഗവർണറുടെ അനുമതി സംസ്ഥാന സർക്കാരിന് ആവശ്യമാണ്.
നിയമത്തിന്റെ 55-ാം വകുപ്പ് പ്രകാരം നൽകിയിട്ടുള്ള അധികാര വിനിയോഗ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. അതേസമയം നിയമത്തിൽ പുതുതായി ഒന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും ലെഫ്. ഗവർണറുടെ അധികാരങ്ങൾ സംബന്ധിച്ച ചട്ടങ്ങളിൽ വ്യക്തത വരുത്തിയതാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭേദഗതി പ്രകാരം പൊലീസ്, ക്രമസമാധാനം, അഴിമതി വിരുദ്ധ സെൽ തുടങ്ങി ധനവകുപ്പിന്‍റെ അനുമതി ആവശ്യമില്ലാത്ത വിഷയങ്ങളിൽ ലെഫ്. ഗവർണറുടെ അനുമതിയോടെ മാത്രമേ സർക്കാരിന് തീരുമാനം എടുക്കാനാകൂ.















