കാസർഗോഡ്: നല്ലോംപുഴയിൽ കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീട്ടുടമ ജോസഫിന്റെ മകൻ സന്തോഷിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഭവത്തിൽ കെഎസ്ഇബി ജീവനക്കാരനായ അരുൺ കുമാറിന് ഗുരുതരമായി പരുക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിലെ കേടായ മീറ്റർ മാറ്റിവച്ചതിലെ വിരോധമാണ് ആക്രമണത്തിന് പിന്നിൽ.
മീറ്റർ മാറ്റാൻ കഴിയില്ലെന്ന് വീട്ടുടമസ്ഥനായ ജോസഫ് കെഎസ്ഇബി ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയിൽ ജോസഫിന്റെ മകൻ സന്തോഷ് ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ ഉപയോഗിച്ച് അടിക്കുകയും ചെയ്തു. സംഭവത്തിൽ കെഎസ്ഇബി ജീവനക്കാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി ജീപ്പിടിച്ച് തെറിപ്പിച്ചെന്നാണ് എഫ്‌ഐആർ. വീട്ടുടമ ജോസഫിനെ പ്രതിചേർത്തിട്ടില്ല. സന്തോഷ് ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.















