ഒരു വൈശ്യനാരിയെ അനുഗ്രഹിക്കുവാൻ വേണ്ടി ശിവലിംഗത്തെ മധുരാപുരിയിൽ കൊണ്ടുവന്ന ലീലയാണ് ഇത്.
സമുദ്രതീരത്തുള്ള കാവേരിപുരം എന്ന പ്രസിദ്ധമായ നഗരത്തിൽ ഒരു വൈശ്യൻ പത്നിയോടൊപ്പം വസിച്ചിരുന്നു സന്താന സൗഭാഗ്യം ഇല്ലാതെ വിഷമിച്ച അവർ പൂജയും ദാനവും ഹോമവും തപസ്സും ഒക്കെ അനുഷ്ഠിച്ചതിന്റെ ഫലമായി ഒരു പുത്രി ഉണ്ടായി വിവാഹ പ്രായമായപ്പോൾ പുത്രിയെ ഭാഗിനേയന് വിവാഹം കഴിച്ചു കൊടുക്കണമെന്ന് ആ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നു. ആഗ്രഹം സഫലമാക്കാതെ അവർക്ക് ഈ ലോകത്തിൽ നിന്ന് പോകേണ്ടി വന്നു.മകൾ ആരുമില്ലാതെ ഏകാകിനീയായപ്പോൾ മധുരയിൽ വസിക്കുന്ന ഭാഗിനേയന് ബന്ധുക്കൾ കത്തയച്ചു.
മാതുലപുത്രിയെ വന്ന് വിവാഹം കഴിക്കണമെന്നും സ്വത്തുക്കൾ സ്വീകരിക്കണമെന്നും ഉള്ളതായിരുന്നു കത്തിന്റെ ഉള്ളടക്കം. കത്ത് കിട്ടിയപ്പോൾ ഭാഗിനേയന് സങ്കടമുണ്ടായി ഏതാനും ആളുകളോടൊപ്പം അദ്ദേഹം കാവേരിപുരത്തേക്ക് യാത്ര തിരിച്ചു. മാതുല മന്ദിരത്തിൽ എത്തുകയും അവിടെ രണ്ടുദിവസം വസിക്കുകയും ചെയ്തു. അപ്പോൾ ബന്ധുക്കൾ മാതുലപുത്രിയെ പരിണയിക്കണമെന്ന് പറഞ്ഞു. മധുരയിൽ പോയി അവിടെയുള്ള ബന്ധുക്കളെ സാക്ഷിയാക്കി വിവാഹം കഴിക്കാം എന്നായിരുന്നു അതിനു നൽകിയ മറുപടി. അങ്ങനെ പറഞ്ഞതിനുശേഷം ഭവനത്തിൽ നിന്നിറങ്ങി. സമ്പാദ്യങ്ങൾ എല്ലാം നേരത്തെ തന്നെ മധുരയിലേക്ക് അയച്ചു. കനകരത്നാദികൾ പുത്രിയുടെ കയ്യിൽ കൊടുത്തു. അതിനുശേഷം വളരെ വേഗത്തിൽ യാത്ര ആരംഭിച്ചു. ക്ഷീണിതയായ വൈശ്യപത്രി നടത്തത്തിന്റെ വേഗത കുറയ്‌ക്കണം എന്ന് അപേക്ഷിച്ചു. അപ്പോൾ വൈശ്യഭാഭാഗ്യനേയൻ വൈശ്യപത്രിയോടും ഏതാനും ഭൃത്യന്മാരോടും ഒപ്പം സീസപുരം എന്ന സ്ഥലത്തുള്ള ശിവക്ഷേത്രത്തിൽ എത്തി വിശ്രമിച്ചു. അപ്പോഴേക്കും സൂര്യാസ്തമനം ആയി. സീസപുരേശ ശിവലിംഗത്തെ ബ്രഹ്മാവും വിഷ്ണുവും ദേവന്മാരും പൂജിച്ചിട്ടുണ്ട്.ആ ക്ഷേത്രസന്നിധിയിൽ ഒരു സമയവും കിണറും ഉണ്ട്. സർവ്വ തീർത്ഥ സ്വരൂപമാണ് കിണർ. ശമീവൃക്ഷം സർവ്വ ദേവതാ മയവും ആണ്.
ഭാഗിനേയനായ യുവാവ് കിണറ്റിലെ ജലത്തിൽ കുളിച്ച് നിത്യകർമ്മങ്ങൾ അനുഷ്ഠിച്ചു സമീപത്തെ വൃക്ഷ ചുവട്ടിൽ പ്രതിഷ്ഠിച്ചിട്ടുള്ള സർപ്പങ്ങളെ വന്ദിച്ചു ശിവലിംഗത്തെ പ്രണമിക്കുകയും പ്രദക്ഷിണം വെക്കുകയും ചെയ്തു. ഭക്ഷണത്തിനുശേഷം വാതിൽ പടിയിൽ തല വെച്ച് വൈശ്യൻ ഉറങ്ങി. ആ സമയം ഒരു നാഗം അദ്ദേഹത്തെ കടിച്ചു. ദുഃഖിതയായ മാതുലപുത്രി തന്റെ വരനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച കരഞ്ഞു ഈ സംഭവം നടക്കുമ്പോൾ പല ശിവക്ഷേത്രങ്ങളും ദർശിച്ചതിനുശേഷം ജ്ഞാന സംബന്ധർ സീസപുരത്തിൽ എത്തിയിട്ടുണ്ടായിരുന്നു.. രോദനം കേട്ടപ്പോൾ അദ്ദേഹം അവിടെ എത്തുകയും പഞ്ചാക്ഷരവും മൃത്യുഞ്ജയ മന്ത്രവും ജപിച്ച ഭസ്മം മൃതദേഹത്തിൽ ഇടുകയും ചെയ്തു. പെട്ടെന്ന് നിദ്രയിൽ നിന്ന് ഉണർന്നവനെ പോലെ യുവാവ് എഴുന്നേറ്റു. എല്ലാവരും ജ്ഞാന സംബന്ധരെ സാഷ്ടാംഗം പ്രണമിച്ചു. കാര്യങ്ങൾ ഗ്രഹിച്ച അദ്ദേഹം മാതുലപുത്രിയെ പരിണയിക്കണമെന്ന് ഭാഗിനേയനോട് ആവശ്യപ്പെട്ടു. ബന്ധുക്കളുടെ സാന്നിധ്യത്തിൽ പരിണയിക്കാം എന്നായിരുന്നു യുവാവിന്റെ അഭിപ്രായം. ശിവലിംഗവും സമീപവും കിണറും സാക്ഷിയായിട്ടുള്ള സീസപുര ക്ഷേത്ര സന്നിധിയിൽ തന്നെ പരിണയിക്കുന്നത് കൊണ്ട് ഐശ്വര്യം ഉണ്ടാകും എന്നും ജ്ഞാന സംബന്ധർ പറഞ്ഞു. അതനുസരിച്ച് വിവാഹ കർമ്മങ്ങൾ ജ്ഞാന സംബന്ധർ തന്നെ നിർവഹിച്ചു ദമ്പതികളെ അനുഗ്രഹിച്ച് മധുരാപുരിയിലേക്ക് യാത്രയാക്കി.
ഭാഗിനേയനായ വൈശ്യന് ആദ്യം ഒരു പത്നിയുണ്ടായിരുന്നു പുതിയ പത്നിയുടെ ആഗമനം അവർക്ക് ഇഷ്ടമായില്ല. ബന്ധുക്കൾ സസന്തോഷം രണ്ടാമത്തെ ഭാര്യയെ സ്വീകരിച്ചു. സ്വന്തം ധനം കൊണ്ടും മാതുലന്റെ ധനം കൊണ്ടും വൈശ്യൻ കച്ചവടം ചെയ്ത് പുരോഗമിച്ചു. സാമാന്യം ധനവാനായ വൈശ്യൻ രണ്ടു പത്നിമാരോടും ഒപ്പം നന്നായി ജീവിച്ചു. രണ്ടാം ഭാര്യക്ക് ഒരു പുത്രൻ ജനിച്ചു. വിനയാദി സദ്ഗുണങ്ങളാൽ യോഗ്യനായിരുന്നു ആ പുത്രൻ. ആദ്യഭാര്യയിലെ പുത്രന്മാർ ദുർബുദ്ധികളും ദുഷ്ടന്മാരും ആയിരുന്നു. ഒരു ദിവസം ആദ്യ ഭാര്യ രണ്ടാം ഭാര്യയുടെ പുത്രനെ പ്രഹരിച്ചു.
ദുഃഖിതനായ പുത്രനെ മാതാവ് ആശ്വസിപ്പിക്കുകയും തെറ്റ് ചെയ്യുന്നവരെ ഈശ്വരൻ ശിക്ഷിക്കുമെന്ന് പറയുകയും ചെയ്തു. ഇത് കേട്ടപ്പോൾ ആദ്യഭാര്യക്ക് കോപം വർദ്ധിക്കുകയൂം അവർ നിന്ദാ വാക്കുകള്‍ പറയുകയും ചെയ്തു. പരിണയത്തിന് സാക്ഷിയായവരെ വരുത്തണമെന്നും അല്ലെങ്കിൽ അവിടം വിട്ടു പോകണമെന്നും ആദ്യ ഭാര്യ പറഞ്ഞു. അപ്പോൾ ആ സാധ്‌വി ഇങ്ങനെ പറഞ്ഞു. “ശിവലിംഗത്തെയും ശമീവൃക്ഷത്തെയും കിണറിനെയും സാക്ഷിയാക്കി ജ്ഞാന സംബന്ധർ എന്ന മഹാത്മാവാണ് പരിണയം നടത്തിയത്. സർപ്പ ദംശനം ഏറ്റു മരിച്ചപ്പോൾ ജ്ഞാന സംബന്ധമാണ് അദ്ദേഹത്തിന് ജീവൻ നൽകിയത്. പതിക്കും ഈ കാര്യങ്ങൾ അറിയാം..
അകലെയുള്ള ശമീവൃക്ഷവും കിണറും ശിവലിംഗവും സാക്ഷികളായി വരികയില്ലെന്ന് വിശ്വാസത്താൽ ആദ്യ ഭാര്യ വീണ്ടും ഇങ്ങനെ പറഞ്ഞു. അവരെ ഇവിടെ വരുത്തുകയാണെങ്കിൽ രണ്ടാം ഭാര്യയുടെ പാതിവ്രത്യം വിശ്വസിക്കാം എന്നും.. അങ്ങനെ ചെയ്തില്ലെങ്കിൽ ഭർത്താവിന്റെ സ്വത്തിനെ അവകാശമില്ലെന്നും അവർ പറഞ്ഞു. ബന്ധുക്കളുടെ മധ്യത്തിൽ വച്ച് ആദ്യ ഭാര്യ ഇങ്ങനെ പറഞ്ഞപ്പോൾ രണ്ടാം ഭാര്യ ഉറക്കവും ഭക്ഷണവും ഉപേക്ഷിച്ച് രാത്രി കഴിച്ചുകൂട്ടി. ഭർത്താവായ വൈശ്യൻ ആകട്ടെ ഒന്നും പറയാനാകാതെ മൗനം അവലംബിച്ചു പ്രഭാതത്തിൽ രണ്ടാം ഭാര്യ ഭർത്താവിന്റെ അനുവാദത്തോടുകൂടി പുത്രനോടൊപ്പം സുന്ദരേശ അനുഗ്രഹത്തിന് വേണ്ടി പുറപ്പെട്ടു. ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മൂന്ന് സാക്ഷികളെയും വരുത്താമെന്ന് പറഞ്ഞാണ് അവർ യാത്രയായത്.
തീർത്ഥ സ്നാനത്തിനുശേഷം മീനാക്ഷി ദേവിയെ ദർശിച്ചു പുത്രനെ സുന്ദരേശ ഭഗവാന്റെ സന്നിധിയിൽ പ്രണമിപ്പിച്ചുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു ” ഭഗവാനെ ഞാൻ പതിവ്രത യാണെങ്കിൽ അങ്ങ് എന്നെ പരിപാലിക്കേണമേ എന്റെ വിവാഹം സീസപുരത്തിനടുത്തുള്ള അങ്ങയുടെ സന്നിധിയിൽ വച്ച് നടന്നപ്പോൾ അവിടെയുള്ള ശമീ വൃക്ഷവും, ശിവലിംഗവും, കിണറും, സാക്ഷികളായിരുന്നു. അവയെ പെട്ടെന്ന് പ്രത്യക്ഷപ്പെടുത്തി ഇപ്പോൾ എനിക്ക് ഉണ്ടായിട്ടുള്ള ദുഃഖം ശമിപ്പിക്കേണമേ..”
ആ മഹിള ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ ഈ വിവാഹത്തെക്കുറിച്ച് അറിയാമായിരുന്ന ഭഗവാൻ മൂലലിംഗത്തിൽ നിന്ന് സിദ്ധ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. വൈശ്യപുത്രിയോടൊപ്പം ക്ഷേത്രത്തിലെ ഒരു പ്രത്യേക സ്ഥാനത്ത് പോയി മൂന്ന് സാക്ഷികളെയും സ്മരിച്ചു. സീസപുരത്തിലുള്ള മൂന്ന് സാക്ഷികളും ഹാലാസ്യത്തിലെ മൂലരംഗത്തിന്റെ വടക്ക് കിഴക്കായി പ്രത്യക്ഷപ്പെട്ടു. അവയെ വൈശ്യപത്രിക്ക് കാണിച്ചുകൊടുത്തതിനുശേഷം ഭഗവാൻ അപ്രത്യക്ഷനായി. ഉടൻ അവർ ബന്ധുക്കളെ വിളിച്ചു വരുത്തുകയും സാക്ഷികളെ കാണിച്ചുകൊടുക്കുകയും ചെയ്തു സകലരും അത്ഭുതപ്പെട്ട് സുന്ദര കാരുണ്യത്തെയും വാത്സല്യത്തെയും സ്തുതിച്ചു.
ശങ്കര കൃപാ കടാക്ഷം ലഭിച്ച വൈശ്യപുത്രി, പതിയോടും പുത്രനോടും പുത്ര ഭാര്യയോടും ഒപ്പം വളരെ കാലം മധുരാപുരിയിൽ ജീവിച്ചു. അന്ത്യകാലത്ത് ശിവലോകം പ്രാപിച്ചു. പാതിവൃത്യം ഒന്നുകൊണ്ടുതന്നെ നാരി മാർക്ക് സമസ്തവും സാധിക്കും.
സ്മരിക്കുന്നവരുടെ ദുഃഖം എല്ലാം തീർക്കുകയും ജീവിച്ചിരിക്കുമ്പോൾ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുകയും മരണത്തിൽ മോക്ഷം നൽകുകയും ചെയ്യുന്ന ദേവനാണ് സുന്ദരേശ ഭഗവാൻ.
സുബ്രഹ്മണ്യ ഭഗവാൻ അഗസ്ത്യ മഹർഷിയോട് പറഞ്ഞ 64 ലീലകളും ഇവിടെ പ്രസ്താവിച്ചുകഴിഞ്ഞു. ഈ 64 ലീലകളും ഹൃദിസ്ഥമാക്കുന്നവർക്ക് ശിവഭക്തി വർദ്ധിക്കും ഈ ലോക സുഖങ്ങൾ അനുഭവിക്കുവാനും അന്ത്യത്തിൽ മോക്ഷം ലഭിക്കുവാനും ഈ ലീലകളുടെ പാരായണം സഹായിക്കും.
ഹാലാസ്യ ക്ഷേത്രത്തിലെ സുന്ദരേശ ഭഗവാന്റെ 64 ലീലകളും പാർവതി പരമേശ്വരന്മാരുടെ അനുഗ്രഹത്താൽ സമ്പൂർണ്ണമായി.
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















