അർജന്റൈൻ ഇതിഹാസം മെസിയുടെ കിരീടത്തിലെ മറ്റാെരു പൊൻതൂവലായിരുന്നു ഇക്കാെല്ലത്തെ കോപ്പ വിജയം. ദേശീയ ടീമിന് വേണ്ടി എത്ര കപ്പുനേടിയെന്ന ചോദ്യം മെസിയും അദ്ദേഹത്തിന്റെ ആരാധകരും കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായിരുന്നു. ജർമ്മനിയോട് ലോകകപ്പ് ഫൈനലിൽ തോറ്റതു മുതൽ ആ കേൾവികളുടെയും പരിഹാസങ്ങളുടെ മൂർച്ചയും കൂടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അർജന്റീനയ്‌ക്കൊപ്പം നാല് പ്രധാന കിരീടങ്ങൾ നേടിയാണ് റൊസാരിയോക്കാരൻ ഇതിനെല്ലാം മറുപടി നൽകിയത്.
കോപ്പ അമേരിക്ക വിജയത്തോടെ മെസിയുടെ കിരീട നേട്ടം 45 ഉയർന്നു. ക്ലബിനും രാജ്യത്തിനുമായാണ് സൂപ്പർ താരത്തിന്റെ നേട്ടം. ബ്രസീലുകാരനായ ഡാനി ആൽവസിന്റെ റെക്കോർഡാണ് മുൻ സഹതാരം കൂടിയായ മെസി പഴങ്കഥയാക്കിയത്. ഒരു ലോകകപ്പ് കിരീടം, രണ്ട് കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ്, ഒരു ഫൈനലിസീമയും മെസി അർജന്റീനയുടെ തട്ടകത്തിലെത്തിച്ചു.
ക്ലബ് കരിയറിൽ നാല് ചാമ്പ്യൻസ് ലീഗ് ട്രോഫിയും 10 ലാലിഗ കിരീടങ്ങളും ബാഴ്സയ്‌ക്കൊപ്പം നേടി. പിഎസ്ജിക്കൊപ്പം രണ്ടു ലീഗ് വൺ കിരീടത്തിലും മെസി കൈയാെപ്പ് ചാർത്തി. മൂന്ന് തവണ വീതം യുവേഫ സൂപ്പർകപ്പും ക്ലബ് ലോകകപ്പും സ്വന്തമാക്കിയ താരം കളിച്ച ക്ലബുകൾക്കൊപ്പം നിരവധി പ്രാദേശിക കിരീട വിജയങ്ങളിലും പങ്കാളിയായി. വ്യക്തിഗത നേട്ടങ്ങൾ നോക്കിയാൽ എട്ട് ബാലൻ ദി ഓറും ആറ് യൂറോപ്യൻ ഗോൾഡൻ ബൂട്ട് പുരസ്കാരവും ഇൻ്റർമയാമി താരം ഷെൽഫിലെത്തിച്ചിട്ടുണ്ട്. കരിയറില്‍ 1068 മത്സരങ്ങളില്‍ നിന്ന് 838 ഗോളുകളും 374 അസിസ്റ്റുകളും ആരാധകരുടെ മിശിഹ നേടി.