കൊച്ചി: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളി ഒഴുക്കിൽപെട്ട് മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സംഭവം നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്ഥലം പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ കോടതി ചുമതലപ്പെടുത്തി.
ബ്രഹ്‌മപുരം വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറിയാണ് സ്ഥലം സന്ദർശിക്കുക. സ്ഥലം സന്ദർശിച്ച് കോടതിക്ക് റിപ്പോർട്ട് നൽകണം. തമ്പാനൂർ നേരത്തെ തന്നെ വെള്ളക്കെട്ടും മാലിന്യപ്രശ്‌നങ്ങളുമൊക്കെയുളള പ്രദേശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കരാറുകാർ എടുക്കുന്ന മാലിന്യം എങ്ങനെ നിർമ്മാർജനം ചെയ്യുന്നുവെന്നത് വലിയൊരു ചോദ്യമാണ്. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം കനാലിലേക്ക് ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും സർക്കാരും ഉറപ്പുവരുത്തണം. മാലിന്യം നീക്കം ചെയ്യുന്നതെങ്ങനെയെന്ന് റെയിൽവേയും കോർപ്പറേഷനും അറിയിക്കണം. മാലിന്യനീക്കത്തിനായി കർമ്മ പദ്ധതി തയ്യാറാക്കണം. സർക്കാരിന്റെ മേൽനോട്ടം ഉണ്ടാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
വർഷങ്ങളായുള്ള മാലിന്യം നീക്കം ചെയ്യാതിരുന്നതാണ് കറുത്ത നിറം വെള്ളത്തിനുണ്ടാകാൻ കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. റെയിൽവേ സ്ഥലമായതു കൊണ്ട് റെയിൽവേയ്‌ക്കും ഉത്തരവാദിത്തമുണ്ട്. ജോലി ചെയ്യാനുള്ള അനുമതി റെയിൽവേയും നൽകേണ്ടതാണെന്ന് കോടതി പറഞ്ഞു.
തിരുവനന്തപുരത്തെത്തുന്ന അമിക്കസ് ക്യൂറിയ്‌ക്ക് സർക്കാരും, കോർപ്പറേഷനും അനുബന്ധ സൗകര്യവും ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചു. അമിക്കസ് ക്യൂറിയ്‌ക്ക് തിരുവനന്തപുരം വരെയുള്ള യാത്രാ സൗകര്യം റെയിൽവേ ഒരുക്കണം. 1.5 ലക്ഷം രൂപ പ്രതിഫലമായി അമിക്കസ് ക്യൂറിയ്‌ക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. സർക്കാർ ,കോർപ്പറേഷൻ ,റെയിൽവേ എന്നിവരാണ് അമിക്കസ് ക്യൂറിയ്‌ക്ക് പ്രതിഫലം നൽകേണ്ടത് ഈ മാസം 19 നു മുൻപ് തുക നൽകണം. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്‌ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു.