റാന്നി: ശക്തമായ കാറ്റിൽ റോഡരികിൽ നിന്ന കവുങ്ങ് ഒടിഞ്ഞുവീണത് ബൈക്ക് യാത്രക്കാരുടെ മുകളിലേക്ക്. തലനാരിഴയ്‌ക്കാണ് ഇരുവരും രക്ഷപെട്ടത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി തോട്ടമൺകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. പകൽ 12.11 ഓടെയാണ് കാറ്റിൽ റോഡരികിൽ നിന്ന കവുങ്ങ് ഒടിഞ്ഞുവീണത്. കാറുകളും മറ്റ് വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ടായിരുന്നു.
ഇതിനിടയിലാണ് ഇതുവഴി വന്ന ബൈക്കിന് മുകളിലേക്ക് കവുങ്ങ് വീണത്. ബൈക്കിൽ രണ്ട് പേരുണ്ടായിരുന്നെങ്കിലും പരിക്കില്ല. ബൈക്കിന് മുന്നിലായി ഒരു കാറും തൊട്ടുപിന്നാലെ ഒരു ഇന്നൊവയും സഞ്ചരിക്കുന്നുണ്ടായിരുന്നു.
കവുങ്ങിന്റെ മുകൾ ഭാഗം ബൈക്ക് യാത്രക്കാരുടെ ശരീരത്തിലേക്കാണ് വീണത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി വാഹനം പാളിയെങ്കിലും ഓടിച്ച ആൾ സമചിത്തതയോടെ ബ്രേക്ക് പിടിച്ച് നിർത്തുകയായിരുന്നു. അപകടം കണ്ട് പിന്നാലെയെത്തിയ ഇന്നൊവ കാറും ബ്രേക്ക് ചവിട്ടി നിർത്തി.