ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ കെ പി ശർമ്മ ഒലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സഹകരണം ഭാവിയിലേക്കും ശക്തിപ്പെടുത്താനും വിപുലീകരിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇത് നാലാം തവണയാണ് ശർമ്മ ഒലി നേപ്പാൾ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്.
” നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ കെ പി ശർമ്മ ഒലിയെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ അടുത്ത് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ പുരോഗതിക്കും വികസനത്തിനും വേണ്ടി പരസ്പരം പ്രയോജനകരമായ രീതിയിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുമെന്ന് കരുതുന്നതായും” പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശത്തിന് ശർമ്മ ഒലിയും നന്ദി അറിയിച്ചു. ” പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, താങ്കൾ നൽകിയ അഭിനന്ദനങ്ങൾക്ക് നന്ദി പറയുന്നു. ഇരുരാജ്യങ്ങൾക്കും വേണ്ടി നേപ്പാൾ ഇന്ത്യ ബന്ധം ശക്തിപ്പെടുത്താനും, താങ്കളുമായി ചേർന്ന് പ്രവർത്തിക്കാനും ഞാൻ പ്രതിജ്ഞാബദ്ധനാണ്. യോജിച്ച് പ്രവർത്തിക്കുന്നതിലൂടെ ഈ ബന്ധത്തെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും” ഒലി പറഞ്ഞു.
അവിശ്വാസ വോട്ടിൽ പുഷ്പ കമൽ ദഹൽ പ്രചണ്ഡയ്‌ക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെയാണ് ശർമ്മ ഒലി അധികാരത്തിലേക്കെത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യുണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റും, നേപ്പാളി കോൺഗ്രസ് പാർട്ടിയും ചേർന്നുള്ള സഖ്യ സർക്കാർ ആണ് ഇക്കുറി അധികാരത്തിൽ എത്തിയിരിക്കുന്നത്. ശർമ്മ ഒലിയും നേപ്പാൾ കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദൂബയും 18 മാസം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ ആയിരിക്കുന്നത്. ഇന്നലെയാണ് ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ശർമ്മ ഒലി പ്രധാനമന്ത്രിയായിരുന്ന സമയത്ത്, നരേന്ദ്രമോദി രണ്ട് തവണ നേപ്പാളിൽ സന്ദർശനം നടത്തിയിരുന്നു.















