ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 4 സൈനികർക്ക് വീരമൃത്യു. ഭീകരർക്കായി സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പെടെ 4 സൈനികർ വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച രാത്രി ദേസ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ 5 സൈനികർക്ക് പരിക്കേറ്റുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
വടക്കൻ ദോഡ ജില്ലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്.. അതേസമയം ഏറ്റുമുട്ടലിൽ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റതായും പറയപ്പെടുന്നു. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കത്വയിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന് ശേഷം ജമ്മു മേഖലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്.