കൊച്ചി: സത്യം കണ്ടെത്തി ജനങ്ങളെ അറിയിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒളിക്യാമറ ഓപ്പറേഷന്റെ (സ്റ്റിങ് ഓപ്പറേഷൻ) പേരിൽ മാദ്ധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും എതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്ന് കേരളാ ഹൈക്കോടതി. ജനാധിപത്യം സംരക്ഷിക്കുന്നതിനാകണം മാദ്ധ്യമങ്ങളുടെ അത്തരം പ്രവർത്തനങ്ങൾ.
സത്യം കണ്ടെത്തുന്നതിനപ്പുറം ആരെയെങ്കിലും ദ്രോഹിക്കുകയോ അപമാനിക്കുകയോ ആയിരിക്കരുത് മാദ്ധ്യമങ്ങളുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. സോളാർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷന്റെപേരിൽ സ്വകാര്യ ടി.വി. ചാനലിനെതിരേ പത്തനംതിട്ട പോലീസ് 2013-ൽ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
മാദ്ധ്യമസ്വാതന്ത്ര്യം നിഷേധിച്ചാൽ ജനാധിപത്യം ഇല്ലാതാകുമെന്നും കോടതി പറഞ്ഞു. പേനയ്ക്ക് വാളിനെക്കാൾ കരുത്തുണ്ടെന്ന എഡ്വേർഡ് ബാൾവർ ലിട്ടന്റെ വാക്യങ്ങളും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, അതുപയോഗിക്കുമ്പോൾ മാധ്യമങ്ങൾ അതിജാഗ്രത പുലർത്തണം. ചെറിയ തെറ്റുപോലും വ്യക്തിയുടെ സ്വകാര്യതയെയും ഭരണഘടനാപരമായ അവകാശത്തെയും ബാധിക്കും -കോടതി ഓർമ്മിപ്പിച്ചു.
ശരിയായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്ന മാധ്യമങ്ങളാണ് ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകാൻ പൗരന്മാരെ പ്രാപ്തരാക്കുന്നത്. ഇതിനായി നിയമം സാധാരണ അനുവദിക്കാത്ത ചില പ്രവൃത്തികൾ മാധ്യമങ്ങൾ സ്വീകരിക്കാറുണ്ട്. ഒളിക്യാമറാ ഓപ്പറേഷൻ അതിലൊന്നാണ്. ഇതിന്റെ നിയമപരമായ സാധുത സുപ്രീംകോടതി പലപ്പോഴായി പരിശോധിച്ചിട്ടുണ്ട്.
തെറ്റായ ലക്ഷ്യത്തോടെയുള്ള ഒളിക്യാമറ ഓപ്പറേഷന് നിയമപരമായ പിന്തുണ ഉണ്ടായിരിക്കില്ല. ഒരോ കേസിന്റെയും വസ്തുത പരിശോധിച്ച് കോടതിയായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ഹർജിക്കാർക്കായി അഡ്വ. സി.പി. ഉദയഭാനു ഹാജരായി.